പൊതുവിദ്യാലയങ്ങളില്‍ 34.05 ലക്ഷം കുട്ടികളെന്ന് വി. ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: 2023-24 അക്കാദമിക് വർഷത്തില്‍ സർക്കാർ, എയ്ഡഡ്, അണ്‍എയ്ഡഡ് സ്കൂളുകളിലായി മൊത്തം കുട്ടികളുടെ എണ്ണം 37,46,647 ആണെന്ന് മന്ത്രി വി.ശിവൻകുട്ടി. ഇതില്‍ സർക്കാർ –എയ്ഡഡ് സ്കൂളുകളില്‍ മാത്രം 34,04,724 കുട്ടികളാണുള്ളത്. ഒന്നാം ക്ലാസില്‍ സർക്കാർ – എയ്ഡഡ് വിദ്യാലയങ്ങളില്‍ 10,164 കുട്ടികള്‍ ഈ വർഷം കുറഞ്ഞപ്പോള്‍ രണ്ട് മുതല്‍ പത്തുവരെ ക്ലാസുകളില്‍ പുതുതായി 42,059 കുട്ടികള്‍ പ്രവേശനം നേടിയെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
പുതുതായി പ്രവേശനം നേടിയ ക്ലാസുകളില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ (17,011) എട്ടാം ക്ലാസിലാണ്. അഞ്ചാം ക്ലാസില്‍ 15,529 കുട്ടികളാണ് പുതുതായി പ്രവേശനം നേടിയത്. കഴിഞ്ഞ വർഷം സർക്കാർ-എയ്ഡഡ്-അണ്‍എയ്ഡഡ് മേഖലകളിലെ കുട്ടികളുടെ എണ്ണം 38,33,399ആയിരുന്നു.
കഴിഞ്ഞ വർഷം പൊതുവിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയത് 2,68,313 കുട്ടികളും പത്താം ക്ലാസില്‍ പ്രവേശനം നേടിയത് 3,95,852 കുട്ടികളും ആയിരുന്നു. അതായത് പുതുതായി ഈ വർഷം 1,27,539 കുട്ടികള്‍ കൂടുതല്‍ വന്നാല്‍ മാത്രമേ മൊത്തം കുട്ടികളുടെ എണ്ണം വർധിക്കൂ. ഇങ്ങനെ പരിഗണിക്കുമ്പോള്‍ പുതുതായി 2 മുതല്‍ 10 വരെ 42,059 കുട്ടികള്‍ പുതുതായി ഈ വർഷം വന്നതായി കാണാം.
സർക്കാർ-എയ്ഡഡ്-അണ്‍എയ്ഡഡ് മേഖലകളില്‍ 2022-23-ല്‍ പ്രവേശനം നേടിയത് മൊത്തം 38,33,399 കുട്ടികളായിരുന്നു. കുട്ടികളുടെ ആധാർ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പരിശോധിച്ച് ഈ വർഷത്തെ തസ്തിക നിർണയ പ്രവർത്തനങ്ങള്‍ ആരംഭിച്ചു. 2023-24 -ലെ കുട്ടികളുടെ വിശദാംശങ്ങള്‍ (സ്കൂള്‍ തിരിച്ചുള്ള കണക്കുള്‍പ്പെടെ) സമേതം പോർട്ടലില്‍ (sametham.kite.kerala.gov.in) ലഭ്യമാണ്.
കുട്ടികളുടെ ആകെ എണ്ണം ജില്ലാതലത്തില്‍ പരിഗണിച്ചാല്‍ ഏറ്റവും കൂടുതല്‍ കുട്ടികളുള്ളത് മലപ്പുറം (20.73 ശതമാനം) ജില്ലയിലും ഏറ്റവും കുറവ് കുട്ടികള്‍ (2.21ശതമാനം) പത്തനംതിട്ട ജില്ലയിലുമാണ്. ഈ അധ്യയനവര്‍ഷത്തെ ആകെ കുട്ടികളുടെ എണ്ണം, ജില്ലാതലത്തില്‍ മുന്‍വര്‍ഷത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ സര്‍ക്കാര്‍ മേഖലയില്‍ കോട്ടയം,എറണാകുളം ജില്ലകള്‍ ഒഴികെ എല്ലാ ജില്ലകളിലും കുറവാണ്.
എന്നാല്‍ സര്‍ക്കാര്‍ എയ്ഡഡ് മേഖലയില്‍ പാലക്കാട് ഒഴികെ എല്ലാ ജില്ലകളിലും കുറവ് രേഖപ്പെടുത്തുന്നു. ഈ അധ്യയനവര്‍ഷത്തെ ആകെ കുട്ടികളില്‍ 56 ശതമാനം (20,96,846) പേര്‍ ദാരിദ്ര്യരേഖക്ക് മുകളിലുള്ളവരും 44 ശതമാനം(16,49,801) പേര്‍ ദാരിദ്ര്യരേഖക്ക് താഴെയുള്ളവരുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.