മുഖ്യമന്ത്രിയെക്കുറിച്ച് ഒരക്ഷരം പറയാൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിന് അർഹതയില്ലെന്ന് വി. ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: കേരള മുഖ്യമന്ത്രിയെ കുറിച്ച് ഒരക്ഷരം പറയാൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിന് അർഹതയില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. ജനങ്ങൾ തെരഞ്ഞെടുത്ത മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. പതിറ്റാണ്ടുകളുടെ രാഷ്ട്രീയ പ്രവർത്തന പാരമ്പര്യം അദ്ദേഹത്തിനുണ്ട്. ഒരു മാധ്യമസ്ഥാപനത്തിന്റെ തലപ്പത്തുണ്ട് എന്നത് കൊണ്ട് മാത്രം കേന്ദ്രമന്ത്രിയായ രാജീവ് ചന്ദ്രശേഖർ വായിൽ തോന്നുന്നത് എന്തും വിളിച്ചു പറയുന്ന തലത്തിലേക്ക് മാറരുത്.
കളമശ്ശേരി സംഭവത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിന്റെ മതനിരപേക്ഷ മനസാക്ഷിയെ അപകീർത്തിപ്പെടുത്തും വിധമാണ് രാജീവ് ചന്ദ്രശേഖർ പ്രസ്താവന നടത്തിയത്. കേരളം ആർജിച്ചെടുത്ത നേട്ടങ്ങൾക്ക് നിദാനം ജാതിമത ഭേദമില്ലാതെ പ്രകടമാക്കിയിട്ടുള്ള കൂട്ടായ്മയാണ്. അതിനെയാണ് കേന്ദ്രമന്ത്രി സംശയ നിഴലിൽ ആക്കിയത്.
ദൗർഭാഗ്യകരവും ഒറ്റപ്പെട്ടതുമായ സംഭവത്തെ സങ്കുചിത രാഷ്ട്രീയത്തിന്റെ താല്പര്യത്തിലേക്കാണ് കേന്ദ്രമന്ത്രി വലിച്ചിഴച്ചത്. ഒറ്റക്കെട്ടായി നിൽക്കേണ്ട സന്ദർഭത്തിൽ വിഭജന രാഷ്ട്രീയം നയമാക്കുന്ന സമീപനമാണ് കേന്ദ്രമന്ത്രിയിൽ നിന്നുണ്ടായത്. എക്കാലത്തും പുരോഗമന മനോഭാവം ഉയർത്തിപ്പിടിച്ച കേരളത്തിന്റെ പൊതുബോധം ദുഷ്പ്രചാരകരെ തിരിച്ചറിയും എന്നത് തീർച്ചയാണെന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.