പ്രകൃതി സംരക്ഷണവും ദുരന്ത നിവാരണവും പാഠ്യപദ്ധതിയിൽ ഉൾച്ചേർക്കുന്ന കാര്യം പരിഗണിക്കുമെന്ന് വി. ശിവൻകുട്ടി
text_fieldsതിരുവനന്തപുരം : പ്രകൃതി സംരക്ഷണം, ദുരന്ത നിവാരണം തുടങ്ങിയവ പാഠ്യപദ്ധതിയിൽ ഉൾച്ചേർക്കുന്ന കാര്യം വലിയ പ്രാധാന്യത്തോടെ പരിഗണിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവവുമായി ബന്ധപ്പെട്ട് "കാലാവസ്ഥ വ്യതിയാനവും, ദുരന്ത നിവാരണവും" എന്ന വിഷയത്തിൽ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശാസ്ത്രീയമായ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ദുരന്തത്തിന്റെ ആഴവും വ്യാപ്തിയും കുറയ്ക്കുമെന്ന് ഇപ്പോൾ നമുക്കറിയാം. സമീപ കാലത്തെ ചില അനുഭവങ്ങളിൽ നിന്ന് നമുക്ക് ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ആവശ്യകത ബോധ്യമായി. ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ കൂടുതൽ ജനങ്ങളെ ഉൾചേർക്കാനുള്ള പ്രവർത്തനങ്ങൾക്ക് സർക്കാർ തന്നെ മുൻകൈ എടുക്കുന്നുണ്ട്.
എല്ലാ സ്‌കൂളുകളിലും ദുരന്ത നിവാരണ ക്ലബുകൾ നിലവിൽ വരേണ്ടതുണ്ട്. കാലാവസ്ഥാ വ്യതിയാനത്തോടും പെട്ടെന്നുണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങളോടും എങ്ങിനെ പ്രതികരിക്കണം എന്ന് തിരിച്ചറിയാൻ നമ്മുടെ യുവ തലമുറയെ പ്രാപ്തരാക്കേണ്ടതുണ്ട്. അതിനുള്ള പ്രവർത്തനങ്ങൾ നടത്തും. ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ ഓരോ കുട്ടിയും ഓരോ കുടുംബത്തിനും വഴികാട്ടി ആകാനുതകും വിധമുള്ള പ്രവർത്തനങ്ങൾ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.