എല്ലാ ജനവിഭാഗങ്ങളിലേക്കും ലഹരി വിരുദ്ധ സന്ദേശമെത്തിക്കണമെന്ന് വി.ശിവൻകുട്ടി
text_fieldsതിരുവനന്തപുരം : ഉദ്യോഗസ്ഥർ ജോലി ചെയ്യുന്ന ഓഫീസുകളിൽ മാത്രമല്ല നാം ജീവിക്കുന്ന പ്രദേശങ്ങളിലെ എല്ലാ ജനവിഭാഗങ്ങളിലേക്കും ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ സന്ദേശമെത്തിക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി. എഫ്. എസ്.ഇ.റ്റി.ഒ സംഘടിപ്പിച്ച ലഹരി വിരുദ്ധ ജാഗ്രതാ സദസ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം തുടങ്ങി വിവിധ മേഖലകളിൽ നാം കൈവരിച്ച നേട്ടങ്ങൾ രാജ്യത്തിന് തന്നെ മാതൃകയാണ്. ഇതിൽതന്നെ ചില നേട്ടങ്ങളിൽ ലോകത്തിലെ വികസിത രാജ്യങ്ങൾക്കു തുല്യമായ അഭിമാനർഹമായ സ്ഥാനവും നമുക്കുണ്ട്. എന്നാൽ സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം കേരളം നേടിയെടുത്തിട്ടുള്ള വികസനത്തിനും പുരോഗതിക്കും സാംസ്‌കാരിക മൂല്യങ്ങൾക്കും കടുത്ത വെല്ലുവിളികളാണ് ഉയർത്തുന്നത്.
മനുഷ്യനെ ശാരീരികവും മാനസികവുമായി തകർക്കുന്ന സാമൂഹ്യ വിപത്താണ് ലഹരി. ആരോഗ്യപ്രശ്‌നങ്ങൾ, കുടുംബ ബന്ധങ്ങളുടെ തകർച്ച, കുറ്റകൃത്യം, ആത്മഹത്യ തുടങ്ങി മദ്യവും മയക്കു മരുന്നും സൃഷ്ടിക്കുന്ന പ്രത്യാഘാതം നിരവധിയാണ്. കൂടുതലായി കുട്ടികളിലും യുവജനങ്ങളിലും പിടിമുറുക്കുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല.
ലഹരി മരുന്നുകളുടെ കെണിയിൽ പലപ്പോഴും അകപ്പെടുന്നത് കുട്ടികളാണ്. ജീവിതം തന്നെ വഴി തെറ്റിക്കുന്ന ഈ വസ്തുക്കളെക്കുറിച്ച് വേണ്ടത്ര അറിവ് കുട്ടികൾക്കില്ല. കേവലം കൗതുകത്തിനായി പലരും ആരംഭിക്കുന്ന ഈ ദുശ്ശീലം കാട്ടു തീയേക്കാൾ വേഗത്തിൽ വളർന്ന് സമൂഹത്തെ കീഴ്‌പ്പെടുത്തുകയാണ്.
ലഹരി വസ്തുക്കളുടെ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ അതിശക്തമായ പ്രചാരണ ബോധവൽക്കരണ പ്രവർത്തനത്തിലൂടെ സമൂഹത്തെ ബോധ്യപ്പെടുത്തണം. അതോടൊപ്പം ലഹരി ഉപയോഗം തടയുന്നതിനുള്ള സർക്കാർ പദ്ധതികളും നിലവിലുള്ള നിയമങ്ങളും ഫലപ്രദമായി നടപ്പിലാക്കുകയും വേണം. അതിന് എല്ലാവരും ലഹരി ഉപയോഗിക്കില്ല എന്ന ഉറച്ച തീരുമാനം കൂടി എടുക്കണമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.