എയർ ഇന്ത്യ എക്സ്പ്രസ്സ് യാത്രക്കാരുടെ ദുരിതം അടിയന്തിരമായി പരിഹരിക്കണം : വി ശിവദാസൻ എംപി
text_fieldsതിരുവനന്തപുരം: എയർ ഇന്ത്യ എക്സ്പ്രസ്സ് യാത്രക്കാരുടെ ദുരിതം അടിയന്തിരമായി പരിഹരിക്കണമെന്ന് വി ശിവദാസൻ എംപി. യാത്രക്കാരെ ഞെട്ടിച്ചു കൊണ്ട്, ഒരു മുന്നറിയിപ്പുമില്ലാതെ, ആഭ്യന്തര, അന്തർദേശീയ സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയിരിക്കുകയാണ് എയർ ഇന്ത്യ എക്‌സ്പ്രസ്. വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസി ഇന്ത്യക്കാരെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. വിസ കാലാവധി കഴിഞ്ഞു പോകുന്ന അവസ്ഥയിൽ പുതുക്കാനും മറ്റും വീണ്ടും പണം മുടക്കേണ്ടി വരുന്ന അവസ്ഥയാണ് പ്രവാസികൾ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കാര്യക്ഷമതയും സമ്പദ് വ്യവസ്ഥയും വർധിപ്പിക്കുമെന്ന അവകാശവാദവുമായാണ് എയർ ഇന്ത്യയെ സ്വകാര്യവൽക്കരിച്ചത്. എന്നാൽ ലാഭം കൂട്ടുക എന്ന ഒറ്റ ലക്ഷ്യത്തോടെ തൊഴിലാളികളെ വൻതോതിൽ വെട്ടിക്കുറച്ചത് വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ വേണ്ടത്ര തൊഴിലാളികളില്ലാത്ത സാഹചര്യം സൃഷ്ടിച്ചു. ഏതാനും ആഴ്ചകൾക്ക് മുമ്പ്, വിസ്താരയിലും സമാനമായ തടസ്സം യാത്രക്കാർക്ക് വളരെയധികം ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
ജോലിസ്ഥലത്തേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയതിനാൽ നിരവധി പ്രവാസി മലയാളികൾ ഏറെ ദുരിതം അനുഭവിക്കുകയാണ്. വിസ പുതുക്കുന്നതിനും ടിക്കറ്റുകൾ റീബുക്ക് ചെയ്യുന്നതിനും വേണ്ടി ഇവർ അധ്വാനിച്ചുണ്ടാക്കിയ പണം ചെലവഴിക്കേണ്ട അവസ്ഥയാണ്. വിമാനസർവീസുകൾ റദ്ദാക്കിയത് മൂലമുള്ള തൊഴിൽ ദിനങ്ങളിലെ നഷ്ടത്തിന് പുറമെയാണിത്.
നഷ്ടപരിഹാരം നൽകാൻ വിമാനക്കമ്പനികൾക്ക് നിർദേശം നൽകണം, ടിക്കറ്റ് റീബുക്ക് ചെയ്യുന്ന അവസരത്തിൽ ഇരട്ടി തുക ഈടാക്കുന്ന നടപടി അവസാനിപ്പിക്കണം. യാത്രക്കാരുടെ ദുരിതം പരിഹരിക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണം എന്നാവശ്യപ്പെട്ടു കൊണ്ട് , കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തു നൽകിയതായും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.