നിയമസഭയിൽ ‘കൈതരിച്ച്’ ശിവൻകുട്ടി; പിടിച്ചുനിർത്തി മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ഇന്ന് നിയമസഭയിൽ സ്പീക്കറുടെ ഡയസിന് മുന്നിൽ പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങൾക്ക് നേരെ നടന്നടുത്ത മന്ത്രി വി. ശിവൻകുട്ടിയെ തടഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ രാവിലെ 10.30ഓടെ ചോദ്യോത്തര വേളയിലായിരുന്നു സംഭവം.
ചോദ്യോത്തര വേളയിൽ സഭയിൽ പ്രതിഷേധം കനക്കവെ മുഖ്യമന്ത്രിക്ക് കാവൽ എന്നോണം ശിവൻകുട്ടി അദ്ദേഹത്തിന്‍റെ അടുത്ത് നിലയുറപ്പിച്ചു. പെട്ടെന്ന് പ്രതിപക്ഷത്തിന്‍റെ നേർക്ക് നടന്നടുക്കാൻ ശ്രമിച്ച ശിവൻകുട്ടിയെ പ്രസംഗം വായിക്കുന്നതിനിടയിൽതന്നെ മുഖ്യമന്ത്രി കൈകൊണ്ടു തടഞ്ഞു.
മുഖ്യമന്ത്രി കൈയിൽപിടിച്ച് അരുതെന്ന് സൂചന നൽകിയതോടെ ഒന്നും മിണ്ടാതെ ശിവൻകുട്ടി സീറ്റിലേക്ക് മടങ്ങി.
ഉമ്മൻ ചാണ്ടി സർക്കാറിന്‍റെ കാലത്ത് കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിന്‍റെ ഭാഗമായി നടന്ന കൈയാങ്കളിക്കേസിൽ പ്രതിയാണ് ശിവൻകുട്ടി. 2015 മാർച്ച് 13നാണ് കൈയാങ്കളിയുണ്ടായത്.
‘എന്നോട് മറ്റേ വർത്തമാനം പറയരുത്, നിന്‍റെ കൈയിൽവെച്ചാൽ മതി’
ചോദ്യോത്തരവേളക്കിടെ തന്‍റെ ചോദ്യം തടസ്സപ്പെടുത്താനുള്ള പ്രതിപക്ഷ ശ്രമങ്ങൾക്കെതിരെ ക്ഷുഭിതനായി വർക്കല എം.എൽ.എയും സി.പി.എം തിരുവനന്തപുരം ജില്ല സെക്രട്ടറിയുമായ വി. ജോയി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെക്കുറിച്ചു ചോദിക്കുന്നതിനിടെയാണ് പ്രതിപക്ഷ പ്രകോപനമുണ്ടായത്. ഇതോടെ ജോയി പൊട്ടിത്തറിച്ചു.
‘‘എന്നോട് മറ്റേ വർത്തമാനം പറയരുത്. അതൊക്കെ നിന്‍റെ കൈയിൽ വെച്ചിരുന്നാ മതി. എന്നോട് വേണ്ടാ.’’ എന്നായിരുന്നു പ്രതികരണം. ഇതോടെ സ്പീക്കർ ഇടപെട്ടു. എന്തെങ്കിലും പറയാനുണ്ടെങ്കിൽ തന്നോട് പറഞ്ഞാൽ മതിയെന്ന് പറഞ്ഞ് സ്പീക്കർ രംഗം ശാന്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.