നവകേരളം പദ്ധതിയിലൂടെ പൊതുവിദ്യാലയങ്ങൾ ലോകനിലവാരത്തിലെത്തിയെന്ന് വി.ശിവൻകുട്ടി
text_fieldsതിരുവനന്തപുരം : നവകേരളം പദ്ധതിയിലൂടെ പൊതുവിദ്യാലയങ്ങൾ ലോകനിലവാരത്തിലെത്തിയെന്ന് മന്ത്രി വി.ശിവൻകുട്ടി. ആറ്റിങ്ങലിലെ രണ്ട് സ്‌കൂളുകളില്‍ പുതുതായി നിര്‍മ്മിച്ച സ്‌കൂള്‍ കെട്ടിടത്തിന്റെയും ലാബ്, ലൈബ്രറി മന്ദിരങ്ങളുടേയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ പുതിയ കെട്ടിടങ്ങള്‍ ഉയരുന്നതും അവയുടെ ഉദ്ഘാടനവും സാധാരണ സംഭവമായി മാറി. പൊതുവിദ്യാഭ്യാസ മേഖലയില്‍ കെട്ടിടങ്ങള്‍ അടച്ചു പൂട്ടേണ്ട സാഹചര്യം നിലനിന്നിരുന്ന സമയത്താണ് ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റത്. എന്നാല്‍ നവകേരളം പദ്ധതിയിലൂടെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ സംരക്ഷിച്ച് അടിസ്ഥാന സൗകര്യം മികച്ചതാക്കാൻ ഈ സര്‍ക്കാരിന് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍ കിളിമാനൂര്‍, ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളിലെ കെട്ടിടങ്ങളാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാകിരണം മിഷന്‍ പദ്ധതി, പ്‌ളാന്‍ ഫണ്ട് എന്നിവ ഉപയോഗിച്ചാണ് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത്.
ചടങ്ങിൽ ആറ്റിങ്ങൽ എം.എല്‍.എ ഒ.എസ്.അംബിക അധ്യക്ഷത വഹിച്ചു. എസ്.എസ്.എല്‍.സി, പ്‌ളസ് ടു, വി.എച്ച്. എസ്.ഇ പരീക്ഷകള്‍ക്ക് ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അടൂര്‍ പ്രകാശ് എം.പി ആദരിച്ചു. 2020-21 അധ്യയന വര്‍ഷത്തില്‍ ജില്ലയിലെ ഏറ്റവും മികച്ച എന്‍.എസ്.എസ് യൂനിറ്റിനുള്ള പുരസ്‌ക്കാരം നേടിയ യൂനിറ്റ് പ്രോഗ്രാം ഓഫീസര്‍ അരുണിനെ മന്ത്രി ആദരിച്ചു. ആറ്റിങ്ങൽ മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ എസ് കുമാരി മുഖ്യ പ്രഭാഷണം നടത്തി.
വിദ്യാകിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്ന് കോടി രൂപ കിഫ്ബി ഫണ്ടില്‍ അനുവദിച്ചാണ് കിളിമാനൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലെ ഹൈടെക് ബഹുനില മന്ദിരം നിര്‍മ്മിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നുള്ള ഒരു കോടി രൂപ ഉപയോഗിച്ചാണ് ആറ്റിങ്ങല്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ പുതിയ ലാബ്-ലൈബ്രറി കെട്ടിടങ്ങള്‍ പണിതത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.