ഹയർസെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ജൂണിൽ ആരംഭിക്കുമെന്ന് വി. ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: ഹയർസെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഈ ജൂണിൽ ആരംഭിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. പരിഷ്കരിച്ച സ്കൂൾ പാഠപുസ്തകങ്ങളുടെയും സൗജന്യ കൈത്തറി യൂണിഫോമിന്റെയും സംസ്ഥാനതല വിതരണ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷതവഹിക്കുകയായിരുന്നു മന്ത്രി.
പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വർദ്ധിപ്പിക്കാനുള്ള നടപടികൾക്കാണ് സർക്കാർ ഇപ്പോൾ മുൻതൂക്കം നൽകുന്നത്. 2007 ന് ശേഷം സമഗ്രമായ പാഠ്യപദ്ധതി പരിഷ്‌കരണം നടപ്പിലാക്കുന്നത് ഇപ്പോഴാണ്. രണ്ട് വർഷത്തിനുള്ളിൽ ഒരിക്കലെങ്കിലും പാഠപുസ്തക പരിഷ്‌കരണം നടക്കേണ്ടതുണ്ട്. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസ്സുകളിലെ173 ടൈറ്റിലുകളിലായി രണ്ട് കോടി മുപ്പത് ലക്ഷം പുസ്തകങ്ങളാണ് അച്ചടിച്ചത്.
രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസ്സുകളിലെ പുസ്തകങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങളിടെ പ്രാരംഭ പ്രവൃത്തികൾ ആരംഭിച്ചു കഴിഞ്ഞു. 2025 ജൂണിൽ കുട്ടികളുടെ കൈകളിലെത്തും. പാഠ്യപദ്ധതി പരിഷ്‌കരണം നടത്തിയ പുതിയ പുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് പഠിപ്പിക്കുന്നതിനായി അധ്യാപകരുടെ ട്രെയിനിംഗ് ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു.
കുട്ടികൾക്ക് കൈത്തറി യൂണിഫോം ഏതാണ്ട് മുപ്പത്തി ഒമ്പത് ലക്ഷത്തി എഴുപത്തി അയ്യായിരം മീറ്റർ തുണി പത്ത് ലക്ഷം കുട്ടികൾക്ക് വിതരണത്തിനായി നൽകിയിട്ടുണ്ട്. രണ്ട് ജോഡി യൂണിഫോമാണ് നൽകുന്നത് ഇത് ഏതാണ്ട് ആയിരത്തി ഇരുന്നൂറ് രൂപയാകും. എയിഡഡ് മാനേജ്‌മെന്റിന് ഒരു കുട്ടിക്ക് യൂണിഫോം അലവൻസ് അറുന്നൂറ് രൂപയാണ് സർക്കാർ നൽകുന്നത്.
വിദ്യാഭ്യാസ ഗുണനിലവാരം വർദ്ധിപ്പിക്കുക എന്നു തന്നെയാണ് സർക്കാരിന്റെ ലക്ഷ്യം. അക്കാദമിക നിലവാരം ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ പ്രവർത്തനങ്ങളും പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ഉണ്ടാകുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.