കേരളീയത്തിന്റെ ജനപങ്കാളിത്തം പ്രതിപക്ഷത്തെ ഭയപ്പെടുത്തുന്നുവെന്ന് വി. ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: കേരളീയത്തിന്റെ ജനപങ്കാളിത്തം പ്രതിപക്ഷത്തെ ഭയപ്പെടുത്തുന്നുവെന്ന് മന്ത്രി വി. ശിവൻകുട്ടി. കേരള ചരിത്രത്തിലെ ഏറ്റവും മികച്ച ഉദ്ഘാടനച്ചടങ്ങാണ് കേരളീയത്തിന്റേത്. ആയിരക്കണക്കിന് ആളുകളാണ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സിനിമാതാരങ്ങളായ കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ, ശോഭന തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
കേരള ചരിത്രത്തെ രേഖപ്പെടുത്തുന്നതും വർത്തമാനകാല കേരളത്തെ വിശദീകരിക്കുന്നതും ഭാവി കേരളത്തെ ചൂണ്ടിക്കാണിക്കുന്നതുമായ നിരവധി പരിപാടികൾ കേരളീയത്തോട് അനുബന്ധിച്ച് നടത്തുന്നുണ്ട്. കവടിയാർ മുതൽ കിഴക്കേകോട്ട വരെ 42 വേദികളിലായാണ് കേരളീയം അരങ്ങേറുന്നത്. സെമിനാറുകൾ, ഫിലിം ഫെസ്റ്റ്, പ്രദർശനങ്ങൾ, കലാപരിപാടികൾ, ഫുഡ് ഫെസ്റ്റ്, ഫ്‌ളവർഷോ, ട്രേഡ് ഫെയർ, ബി ടു ബി മീറ്റുകൾ, ദീപാലങ്കാരം എന്നിവ കേരളീയത്തിന്റെ മാറ്റ് കൂട്ടുന്നുണ്ട്.
വലിയ ജനപ്രവാഹം കേരളീയത്തിലേക്ക് ഉണ്ടാകും എന്ന് ബി.ജെ.പിയും കോൺഗ്രസും ഭയക്കുന്നു. കേരളീയം ഉദ്ഘാടന വേദിയിലേക്ക് ബി.ജെ.പി ഇന്ന് നടത്തിയ മാർച്ച് അത് കുറക്കുക എന്ന ലക്ഷ്യം വെച്ചാണ്. ബി.ജെ.പിയുടെ ഈ ആഗ്രഹം ഒരിക്കലും അനുവദിക്കില്ല.
കേരളത്തിന്റെ മഹോത്സവം ആകുന്ന കേരളീയത്തിൽ അഴിമതി ആരോപിക്കുക എന്നതാണ് തുടക്കം മുതൽ കോൺഗ്രസ് ചെയ്ത് വരുന്നത്. യാതൊരു തെളിവുമില്ലാതെ അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുകയാണ് കോൺഗ്രസ്.കേരളീയത്തിന്റെ വൻവിജയം ഇരുകൂട്ടർക്കുമുള്ള കൃത്യമായ മറുപടിയാകുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. തിരുവനന്തപുരത്ത് വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.