നൈപുണ്യ വികസനത്തിലൂടെ പരമാവധി തൊഴിലവസരങ്ങൾ ലഭ്യമാക്കതുമെന്ന് വി. ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: തൊഴിലവസരങ്ങൾ കൂടുതലുള്ള തൊഴിൽമേഖലകളിൽ ആവശ്യമുള്ള നൈപുണ്യ പരിശീലനം നൽകി കൂടുതൽ പേർക്ക് തൊഴിൽ നൽകുക എന്നതാണ് സംസ്ഥാന സർക്കാർ നിലപാടെന്ന് മന്ത്രി വി. ശിവൻ കുട്ടി. കേരള അക്കാദമി ഫോർ സ്‌കിൽ എക്‌സലൻസ് സംഘടിപ്പിച്ച ട്രെയിനിങ് സർവീസ് പ്രൊവൈഡേഴ്‌സ് സമ്മിറ്റ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് ഗണ്യമായി കുറക്കുന്നതിനും, തൊഴിലാളി– ജനസംഖ്യാ അനുപാതം വർദ്ധിപ്പിച്ച് സംസ്ഥാനം കൈവരിച്ച സാമൂഹിക സാമ്പത്തിക പുരോഗതി നിലനിർത്തുന്നതിനും നൈപുണ്യ വികസനത്തിലൂടെ സാധിക്കും. കേരള സർക്കാരിന്റെ തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാന നൈപുണ്യ വികസന മിഷനും സ്‌കിൽ സെക്രട്ടറിയേറ്റുമായ കെ.എ.എസ്.ഇ സംസ്ഥാനത്തെ വിവിധ നൈപുണ്യ വികസന പ്രവർത്തനങ്ങൽ ഏകോപിപ്പിച്ചു നടപ്പിലാക്കിവരുന്നു.
നൈപുണ്യ പരിശീലന പദ്ധതികളുടെ ഗുണനിലവാരം ഉറപ്പാക്കുകയും നൈപുണ്യ പരിശീലനത്തിനുള്ള അവസരം നഗര ഗ്രാമവ്യത്യാസമില്ലാതെ എല്ലാ വിഭാഗം ജനങ്ങൾക്കും ലഭ്യമാക്കേണ്ടതുമാണ്. നാഷണൽ ക്വാളിഫിക്കേഷൻ രജിസ്റ്ററിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ബഹുഭൂരിപക്ഷം നൈപുണ്യ പരിശീലന കോഴ്‌സുകളും സംസ്ഥാനത്ത് അനുയോജ്യരായ പരിശീലന പങ്കാളികളുടെ അഭാവം മൂലം ലഭ്യമല്ല. മികച്ച തൊഴിലവസരങ്ങൾ നേടിയെടുക്കുന്നതിന് സംസ്ഥാനത്തു നിന്നുള്ള ഉദ്യോഗാർഥികൾക്ക് ഇതുമൂലം സാധിക്കാതെ വരുന്നു.
വിവിധ വ്യാവസായിക മേഖലകളിൽ തൊഴിൽ ആർജ്ജിക്കുന്നതിനുള്ള മികച്ച നൈപുണ്യ പരിശീലന കോഴ്‌സുകൾ നടത്തുന്ന വിവിധ ഏജൻസികളെ ഫലപ്രദമായി ജില്ലാതലത്തിൽ ഏകോപിപ്പിക്കുന്നതിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാൻ സാധിക്കും. ഇതിനായി വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന പൊതു-സ്വകാര്യ നൈപുണ്യ പരിശീലന സ്ഥാപനങ്ങളെ മുഖ്യധാരയിൽ എത്തിച്ച് നൈപുണ്യ പരിശീലന പ്രവർത്തനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കേണ്ടതുണ്ട്.
അതോടൊപ്പം സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന നൈപുണ്യ പരിശീലന സ്ഥാപനങ്ങളെ ജില്ലാ നൈപുണ്യ വികസന പദ്ധതിയിൽ പരിശീലന പ്രോജക്ടുകൾ സമർപ്പിക്കുന്നതിന് പ്രോത്സാഹിപ്പിക്കേണ്ടതുമുണ്ട്. ഈ ലക്ഷ്യത്തിനായി നൈപുണ്യ പരിശീലന പങ്കാളികളുടെ സമ്മിറ്റ് എല്ലാ ജില്ലകളിലും സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന ആസൂത്രണ ബോർഡ് അംഗം കെ രവി രാമൻ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ എ.എസ്.ഇ മാനേജിങ് ഡയറക്ടർ വീണാ മാധവൻ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.