തലസ്ഥാനത്തിന്റെ സമരനേതാവ്
text_fieldsതിരുവനന്തപുരം: തലസ്ഥാനത്തിെൻറ സമരനേതാവും അധ്വാനിക്കുന്നവെൻറ മുഖവുമാണ് വി. ശിവൻകുട്ടി. അനന്തപുരിയുടെ തെരുവുകളിൽ ഇടതുവിദ്യാർഥി, യുവജന സംഘടനകളുടെ സമരമുഖത്ത് ലാത്തിക്കും ഗ്രനേഡുകൾക്കും മുന്നിൽ പതാറാതെ ശിവൻകുട്ടിയുണ്ടായിരുന്നു. പ്രവർത്തകർക്കും തൊഴിലാളികൾക്കും ശിവൻകുട്ടി അണ്ണനുമാണ്. പാർട്ടി സംവിധാനങ്ങൾക്കപ്പുറം സങ്കടങ്ങളും ആവശ്യങ്ങളും നേരിൽ പറയാനും പരിഹാരം കാണാനും കഴിയുന്ന നേതാവ്. സംഘാടനമികവിെൻറയും മനുഷ്യത്വത്തിെൻറയും രാഷ്ട്രീയമുഖവുമായി ഈ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം മന്ത്രിയാകുേമ്പാൾ പാർട്ടിക്കും ജനങ്ങൾക്കും പ്രതീക്ഷ ഏറെയാണ്.
സ്വാതന്ത്ര്യസമരസേനാനിയും കമ്യൂണിസ്റ്റുമായിരുന്ന എം. വാസുദേവൻ പിള്ളയുടെയും പി. കൃഷ്ണമ്മയുടെയും മകനായി 1954 ൽ ജനിച്ച ശിവൻകുട്ടി, എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയത്തിലെത്തി. സമരമുഖങ്ങളിൽ ചിന്തിയ ചോരയുടെ ചൂടും ജയിൽ ജീവിതത്തിെൻറ ചൂരേറ്റും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻറും സെക്രട്ടറിയും തലസ്ഥാന നഗരത്തിെൻറ പിതാവും എം.എൽ.എയുമായി ആ രാഷ്ട്രീയം വളർന്നു. 18 വർഷം കേരള സർവകലാശാല സെനറ്റ് അംഗമായിരുന്നു. നിലവിൽ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയാണ്.
തിരുവനന്തപുരം നഗരത്തിെൻറ മുഖച്ഛായ മാറ്റുന്നത് മേയർ കസേരയിൽ വി. ശിവൻകുട്ടി എത്തിയപ്പോഴാണ്. സ്വകാര്യവ്യക്തി കൈയേറിയ ശംഖുംമുഖം തെക്കേ കൊട്ടാരം അദ്ദേഹം തിരിച്ചുപിടിച്ചു. അനധികൃത നിർമാണങ്ങൾക്കും കൈയേറ്റങ്ങൾക്കുമെതിരെ സ്വീകരിച്ച കർശന നടപടികൾ കാരണം ഗുണ്ടാ ആക്രമണ ഭീഷണിവരെ നേരിടേണ്ടിവന്നു. രാജ്യത്ത് ഒരു നഗരസഭ ആദ്യമായി സ്കൂൾ കുട്ടികൾക്ക് സൗജന്യ പാൽ വിതരണ പദ്ധതി ആരംഭിച്ചത് ശിവൻകുട്ടിയുടെ കാലത്താണ്.
കില ചെയർമാനായിരിക്കെ, തൊഴിലാളികളുടെ മക്കൾക്കായി തിരുവനന്തപുരത്ത് ഐ.എ.എസ് ആക്കാദമി ആരംഭിച്ചതിനു പിന്നിലും അദ്ദേഹമുണ്ട്.
കേരളം ഉറ്റുനോക്കിയ നേമത്തെ 'എൽ ക്ലാസികോ' പോരാട്ടത്തിലൂടെയാണ് മൂന്നാമതും ശിവൻകുട്ടി നിയമസഭയിലേക്കെത്തുന്നത്. 5421 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് നേമത്ത് വിരിഞ്ഞ താമരയുടെ തണ്ട് മുൻ ഫുട്ബാൾ താരം കൂടിയായ ശിവൻകുട്ടി ചവിട്ടിയൊടിച്ചത്. പട്ടിക വിഭാഗങ്ങൾ ഉൾപ്പെടെയുള്ള ജനവിഭാഗങ്ങൾക്കുവേണ്ടി നടത്തിയ വിവിധ പ്രവർത്തനങ്ങൾക്ക് അംബേദ്കർ പുരസ്കാരവും മികച്ച പൊതുപ്രവർത്തകനുള്ള വരദരാജൻ നായർ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
മാർക്സിസ്റ്റ് സൈദ്ധാന്തികനും ചിന്തകനുമായ പി. ഗോവിന്ദപ്പിള്ളയുടെ മകളും പി.എസ്.സി അംഗവുമായ ആർ. പാർവതി ദേവിയാണ് ഭാര്യ. പി. ഗോവിന്ദ് ശിവനാണ് മകൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.