ഇന്ത്യ ‘ഭാരത്’ ആക്കുന്നതിനെതിരെ ശിവൻകുട്ടിയുടെ കത്ത്; എൻ.സി.ഇ.ആർ.ടി സ്വയംഭരണ സ്ഥാപനമെന്ന് മറുപടി
text_fieldsന്യൂഡൽഹി: പാഠപുസ്തകങ്ങളിൽ ഇന്ത്യ ‘ഭാരത്’ ആക്കുന്നതിനെതിരെ ആശങ്ക പ്രകടിപ്പിച്ചുള്ള മന്ത്രി വി. ശിവൻകുട്ടിയുടെ കത്തിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ മറുപടി. എൻ.സി.ഇ.ആർ.ടി വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണെന്നാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം.
ഭരണഘടന ‘ഇന്ത്യ’, ‘ഭാരതം’ എന്നീ രണ്ട് പേരുകൾ ഔദ്യോഗിക പേരുകളായി അംഗീകരിക്കുന്നുണ്ട്. അത് മാറിമാറി ഉപയോഗിക്കാവുന്നതാണ്. ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന ഈ സ്പിരിറ്റിനെ എൻ.സി.ഇ.ആർ.ടി യഥാവിധി അംഗീകരിക്കുന്നെന്നും ഇവ രണ്ടും തമ്മിൽ വേർതിരിക്കുന്നില്ല -മന്ത്രി മറുപടിയായി വ്യക്തമാക്കി.
എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിൽ ഇന്ത്യക്ക് പകരം ‘ഭാരത്’ എന്നാക്കുന്ന മാറ്റം അനാവശ്യമാണെന്നും അത് വിദ്യാർഥികൾക്കും പൗരന്മാർക്കും ഇടയിൽ ആശയക്കുഴപ്പത്തിന് ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് വി. ശിവൻകുട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചിരുന്നത്. സോഷ്യൽ സയൻസ് പാഠപുസ്തകങ്ങളിൽ രാഷ്ട്രത്തിന്റെ പേര് 'ഇന്ത്യ' എന്നതിൽ നിന്ന് 'ഭാരത്' എന്നാക്കി മാറ്റാൻ എൻ.സി.ഇ.ആർ.ടി നിയോഗിച്ച സോഷ്യോളജി കമ്മിറ്റി നൽകിയ ശിപാർശയിൽ മന്ത്രി ആശങ്ക അറിയിച്ചിരുന്നു.
രാജ്യത്തിന്റെ സ്വത്വം എന്നത് ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും വൈവിധ്യത്തിന്റെയും സവിശേഷമായ സങ്കലനമാണ്, 'ഇന്ത്യ' എന്ന പേര് ആ സ്വത്വത്തിന്റെ ഒരു പ്രധാന ഭാഗമാണ്. ചില പ്രത്യയശാസ്‌ത്രങ്ങളുമായി പൊരുത്തപ്പെടുന്ന നിലപാടുകൾ സ്വീകരിച്ച ചരിത്രമാണ് എൻ.സി.ഇ.ആർ.ടിക്ക് ഉള്ളത്. ഇത് ചരിത്രത്തെ വളച്ചൊടിക്കുന്നതിനെക്കുറിച്ചും വിദ്യാഭ്യാസത്തിലെ പക്ഷപാതത്തെക്കുറിച്ചും ആശങ്ക ഉയർത്തുന്നതാണെന്നും കത്തിൽ മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.