സർക്കാർ സ്കൂളുകളിൽ ഒഴിഞ്ഞുകിടക്കുന്നത് 8376 അധ്യാപക തസ്തികകൾ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ ഒഴിഞ്ഞുകിടക്കുന്നത് 8376 അധ്യാപക തസ്തിക. പ്രൈമറിതലം മുതൽ ഹയർ സെക്കൻഡറി സ്കൂൾ വരെയുള്ള ഒഴിവുകളുടെ കണക്കാണ് പുറത്തുവന്നത്. ഇതിൽ 1560 പ്രധാനാധ്യാപക തസ്തികയും 180 ഹയർ സെക്കൻഡറി പ്രിൻസിപ്പൽ തസ്തികയും ഉൾപ്പെടും.
ഹയർ സെക്കൻഡറികളിൽ 671 എച്ച്.എസ്.എസ്.ടി തസ്തികയും 978 എച്ച്.എസ്.എസ്.ടി ജൂനിയർ തസ്തികയും ഒഴിവാണ്. വിവിധ വിഷയങ്ങളിലായി 1659 ഹൈസ്കൂൾ അധ്യാപക തസ്തികയാണ് ഒഴിവുള്ളത്. ഹൈസ്കൂളുകളിൽ ഏറ്റവും കൂടുതൽ ഒഴിവ് ഫിസിക്കൽ സയൻസിലാണ്; തമിഴ് മീഡിയത്തിലെ മൂന്നെണ്ണം ഉൾപ്പെടെ 604. പാർട്ട് ടൈം ഹൈസ്കൂളിൽ 61 ഒഴിവുണ്ട്. യു.പി ഫുൾ ടൈം തസ്തികയിൽ 286 ഒഴിവാണുള്ളത്. ഇതിൽ 163ഉം അറബിക് അധ്യാപക തസ്തികയാണ്.
യു.പി പാർട്ട് ടൈം തസ്തികയിൽ 162 ഒഴിവുണ്ട്. ഇതിൽ 55 തസ്തികകളും സംസ്കൃതത്തിലാണ്. 68 എൽ.പി പാർട്ട് ടൈം തസ്തിക ഒഴിവുള്ളതിൽ 67ഉം അറബിക്കിലാണ്. 395 എൽ.പി ഫുൾടൈം തസ്തികകളും ഒഴിവുണ്ട്. ഇതിൽ 370 ഉം അറബിക്കിലാണ്. എൽ.പി.എസ്.എ തസ്തികയിൽ 1831 ഉം യു.പി.എസ്.എ തസ്തികയിൽ 496 ഉം ഒഴിവുണ്ട്.
എൽ.പി.എസ്.എ -തമിഴ്, കന്നട തസ്തികകളിൽ ഒമ്പത് വീതവും യു.പി.എസ്.എ തമിഴിൽ 11 ഉം ഒഴിവുണ്ട്. പ്രീപ്രൈമറി സ്കൂളുകളിൽ 13 അധ്യാപക ഒഴിവാണുള്ളത്. ക്ലർക്ക്, ഒാഫിസ് അസിസ്റ്റൻറ്, എഫ്.ടി.എം, പി.ടി.സി.എം, ടൈപ്പിസ്റ്റ് തസ്തികകളിലായി 575 ഒഴിവുമുണ്ട്. ഹയർ സെക്കൻഡറികളിൽ 245 ലാബ് അസിസ്റ്റൻറുമാരുടെ ഒഴിവാണുള്ളത്.
കോവിഡ് കാലത്ത് സ്കൂളുകൾ അടഞ്ഞുകിടന്ന കാരണം പറഞ്ഞ് വിരമിച്ച തസ്തികകളിൽപോലും നിയമനങ്ങൾ കൂട്ടത്തോടെ നിർത്തിവെച്ചതാണ് ഇത്രയധികം തസ്തികകൾ ഒഴിഞ്ഞുകിടക്കാൻ കാരണം. ഒേട്ടറെ പേർക്ക് പി.എസ്.സി നിയമന ശിപാർശ നൽകിയെങ്കിലും വിദ്യാഭ്യാസ വകുപ്പ് നിയമന ഉത്തരവ് നൽകാൻ തയാറായില്ല. ഒടുവിൽ പ്രതിഷേധമുയർന്നതോടെയാണ് പലർക്കും നിയമനോത്തരവ് നൽകിയത്. ഇതിനു ശേഷമുള്ള കണക്ക് പ്രകാരമാണ് 8376 അധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നത്.
ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിെൻറ വിശദീകരണം. റാങ്ക് പട്ടിക നിലവിലില്ലാത്തവയിൽ താൽക്കാലിക നിയമനത്തിന് അനുമതി നൽകിയതായും വകുപ്പ് വിശദീകരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.