കുട്ടികൾക്കുള്ള വാക്സിനേഷൻ: സംസ്ഥാനത്ത് നൽകേണ്ടത് 12.86 ലക്ഷം പേർക്ക്
text_fieldsതിരുവനന്തപുരം: 15 വയസ്സിന് മുകളിലുള്ളവരിലെ കോവിഡ് പ്രതിരോധ കുത്തിവെപ്പിന് കേന്ദ്രം അനുമതി നൽകിയ സാഹചര്യത്തിൽ സംസ്ഥാനത്ത് വാക്സിൻ നൽകേണ്ടത് 12.86 ലക്ഷം പേർക്ക്. 10 മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികളാണ് ഈ വിഭാഗത്തിൽ വരുക. ഇവർക്ക് സ്കൂളുകൾ കേന്ദ്രീകരിച്ചുതന്നെ വാക്സിൻ നൽകാനാകുമെന്നാണ് കണക്കുകൂട്ടുന്നത്.
കേന്ദ്രസർക്കാറിൽനിന്നുള്ള മാർഗനിർദേശങ്ങൾ ലഭിക്കുന്ന മുറക്ക് വിതരണ നടപടിക്രമങ്ങൾക്ക് രൂപംനൽകുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള ഉന്നതതല സമിതിയോഗമാണ് മാർഗരേഖ തയാറാക്കുക. ജനുവരി രണ്ടിനുശേഷം കുട്ടികളിലെ കുത്തിവെപ്പിനാകും മുൻഗണന. നിലവിൽ 26 ലക്ഷം ഡോസ് വാക്സിൻ സ്റ്റോക്കുണ്ട്. വിദ്യാഭ്യാസ വകുപ്പിെൻറ കണക്കുപ്രകാരം 10ാം ക്ലാസിൽ 4.36 ലക്ഷം വിദ്യാർഥികളും പ്ലസ് വൺ, പ്ലസ് ടു വിഭാഗങ്ങളിലും ഓപൺ സ്കൂൾ, വി.എച്ച്.എസ്.ഇയിലുമടക്കം ആകെ എട്ടു ലക്ഷം വിദ്യാർഥികളുണ്ട്.
18 വയസ്സിനു മുകളിലെ മറ്റു വിഭാഗങ്ങൾക്ക് ആശുപത്രികളിലും തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പൊതുയിടങ്ങളിലും ക്യാമ്പുകൾ ക്രമീകരിക്കും.
പ്ലസ് വൺ-പ്ലസ് ടു വിഭാഗങ്ങളിലായി 50,000 -60,000 പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികളുണ്ട്. ഇവർക്കുള്ള വാക്സിൻ നിലവിലെ വിതരണ സംവിധാനങ്ങൾ വഴിയോ സ്കൂളുകൾ വഴിയോ ക്രമീകരിച്ചേക്കും.
പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെ ആരോഗ്യപ്രവർത്തകരെ സ്കൂളുകളിൽ വിന്യസിക്കാനാണ് ആലോചന. കോവിഡ് ബ്രിഗേഡിന് സമാനമായ സംവിധാനങ്ങൾ വിദ്യാർഥികൾക്കായും ഏർപ്പെടുത്തണമെന്ന ആവശ്യവുമുണ്ട്. ആരോഗ്യപ്രവർത്തകർക്കും മുൻനിര പോരാളികൾക്കുമുള്ള ബൂസ്റ്റർ വാക്സിനും നൽകണം. 5.55 ലക്ഷം ആരോഗ്യപ്രവർത്തകരും 5.71 ലക്ഷം കോവിഡ് മുന്നണി പോരാളികളുമാണ് സംസ്ഥാനത്തുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.