സംസ്ഥാനത്ത് തെരുവുനായ് വാക്സിനേഷൻ പുനരാരംഭിക്കുന്നു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് പേവിഷബാധ നിയന്ത്രണങ്ങളുടെ ഭാഗമായി പ്രതിരോധ വാക്സിനേഷൻ കാമ്പയിൻ പുനരാരംഭിക്കാൻ തീരുമാനം. സെപ്റ്റംബർ ഒന്നുമുതൽ ഒരുമാസം നീളുന്ന തീവ്രയജ്ഞ പരിപാടി തദ്ദേശ-മൃഗസംരക്ഷണ വകുപ്പുകളാണ് സംഘടിപ്പിക്കുന്നത്. കൂടാതെ പേവിഷബാധ നിയന്ത്രണത്തിന് ഗോവയിലെ ‘മിഷൻ റാബിസ്’ എന്ന സംഘടനയുടെ മാതൃക പകർത്താനും കേരളം തയാറെടുക്കുന്നു. ആഗസ്റ്റിൽ ‘മിഷൻ റാബിസ്’ സംഘടനയുടെ പ്രവർത്തകർ കേരളത്തിലെത്തി നായ്പിടിത്തക്കാർക്ക് പരിശീലനം നൽകും. സ്കൂൾകുട്ടികൾക്കും പൊതുജനങ്ങൾക്കും തുടർച്ചയായ ബോധവത്കരണം, അടിയന്തരസഹായത്തിന് ഹോട്ട്ലൈൻ തുടങ്ങിയവയും നടപ്പാക്കാൻ ആലോചനയുണ്ട്. പേവിഷബാധമൂലമുള്ള മരണങ്ങളും ജന്തുജന്യരോഗങ്ങളുമില്ലാത്ത സംസ്ഥാനമായി ഗോവ മാറിയതിന്റെ പശ്ചാത്തലത്തിലാണിത്.
കഴിഞ്ഞവർഷം തെരുവുനായ് ശല്യം രൂക്ഷമായപ്പോഴാണ് സെപ്റ്റംബറിൽ ഒരുമാസം നീണ്ട പ്രതിരോധ വാക്സിനേഷൻ കാമ്പയിൻ നടത്തിയത്. എന്നാൽ അത് വേണ്ടരീതിയിൽ മുന്നോട്ട് കൊണ്ടുപോകാനായില്ല. ഇത്തവണ കൂടുതൽ ജീവനക്കാരെ വിന്യസിച്ച് തെരുവുനായ് വാക്സിനേഷൻ ഒരുമാസം കൊണ്ട് പൂർത്തിയാക്കാനാണ് പദ്ധതി. 2.89 ലക്ഷം തെരുവുനായ്ക്കൾ ആണ് ഇപ്പോൾ സംസ്ഥാനത്തുള്ളത്. കഴിഞ്ഞവർഷം സെപ്റ്റംബറിൽ വാക്സിനേറ്റ് ചെയ്ത നായ്ക്കൾക്ക് വീണ്ടും ബൂസ്റ്റർ വാക്സിൻ നൽകാനുള്ള സമയമായി. അതും ഇതിനൊപ്പം പൂർത്തിയാക്കും.
കഴിഞ്ഞ സെപ്റ്റംബറിൽ പ്രഖ്യാപിച്ച കാമ്പയിനിൽ 4.5 ലക്ഷത്തോളം വളർത്തുനായ്ക്കളെ വാക്സിനേറ്റ് ചെയ്തെങ്കിലും 32,000 തെരുവുനായ്ക്കൾക്ക് മാത്രമാണ് കുത്തിവെപ്പ് നൽകാനായത്. വലിയ തടസ്സമായത് നായപിടിത്തക്കാരുടെ കുറവും സാമ്പത്തിക പ്രതിസന്ധിയുമാണ്. ഇത് തരണം ചെയ്യാൻ ഇക്കുറി 456 നായപിടിത്തക്കാർക്ക് പുറമെ കുടുംബശ്രീയിൽ നിന്ന് 900 നായപിടിത്തക്കാരുടെ പട്ടിക കൂടി തയാറായിട്ടുണ്ട്. അതേസമയം, പല പഞ്ചായത്തുകളും തെരുവുനായ് നിയന്ത്രണത്തിന് ഇക്കുറിയും ഫണ്ട് നീക്കിവെച്ചിട്ടില്ല. 550 രൂപയാണ് ഒരു നായ്ക്ക് വാക്സിനേഷനായി ചെലവ് വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.