വാക്സിൻ ഇടവേള കൂടുന്തോറും പ്രതിരോധ ശേഷിയേറുമെന്ന് പഠനം
text_fieldsകൊച്ചി: രണ്ട് കോവിഡ് വാക്സിനേഷനുകൾക്ക് ഇടയിൽ 10 മുതൽ 14 ആഴ്ചകൾക്കിടയിലെ ഇടവേളയുണ്ടാകുന്നത് കൂടുതൽ പ്രതിരോധശേഷി കൈവരുത്തുമെന്ന് പഠനം. ഇത്രയും ഇടവേളയിൽ വാക്സിൻ എടുത്ത രോഗികളിലെ ആൻറിബോഡി അളവ് മൂന്നര മടങ്ങ് കൂടുതലാണെന്ന് കണ്ടെത്തി. കൊച്ചി ആസ്ഥാനമായ കെയർ ആശുപത്രിയിലെ റുമാറ്റോളജിസ്റ്റും ക്ലിനിക്കൽ ഇമ്മ്യൂണോളജിസ്റ്റുമായ ഡോ. പത്മനാഭ ഷേണായിയും സംഘവുമാണ് പഠനം നടത്തിയത്.
കോവിഷീൽഡ് വാക്സിനെടുത്ത 1500 രോഗികളിൽനിന്ന് തെരഞ്ഞെടുത്ത 213 പേരിലാണ് കുത്തിവെപ്പുകൾക്കിടയിലെ ഇടവേള എങ്ങനെ സ്വാധീനിക്കുമെന്ന് കണക്കാക്കിയത്. ഈവർഷം മേയ് വരെ, രണ്ട് ഡോസുകൾക്കിടയിലുള്ള ഇടവേള നാലു മുതൽ ആറ് ആഴ്ച വരെയാണ് കേന്ദ്രം നിർദേശിച്ചിരുന്നത്. ഈ സമയത്ത് രണ്ട് ഡോസുകൾ സ്വീകരിച്ച 102 രോഗികളെയും നയമാറ്റത്തിനുശേഷം 10 മുതൽ 12 ആഴ്ച വരെ ഇടവേളയിൽ വാക്സിനെടുത്ത 111 രോഗികളെയും പഠനവിധേയമാക്കി.
ആൻറി സ്പൈക്ക് ആൻറിബോഡി പരിശോധനയിലൂടെയാണ് രണ്ട് ഗ്രൂപ്പുകളിലും എത്രമാത്രം പ്രതിരോധശേഷി ഉണ്ടെന്ന് അളന്നത്. രണ്ടാമത്തെ ഡോസ് എടുത്ത് ഒരു മാസത്തിന് ശേഷമായിരുന്നു പരിശോധന. നാല് മുതൽ ആറാഴ്ച വരെ ഇടവേളയിൽ വാക്സിൻ എടുത്ത രോഗികളുമായി താരതമ്യം ചെയ്യുമ്പോൾ 10 മുതൽ 14 ആഴ്ച വരെ ഇടവേളയിൽ വാക്സിൻ എടുത്തവർക്ക് പ്രതിരോധ ശേഷി കൂടുതലാണെന്ന് കണ്ടെത്തി. കുത്തിവെപ്പുകൾക്ക് ഇടയിലെ ഇടവേള കൂടുന്തോറും ആൻറിബോഡി ലെവലുകൾ മികച്ചതായിരിക്കുമെന്ന് ഡോ. പത്മനാഭ ഷേണായി വിവരിച്ചു.
ഉയർന്ന ആൻറിബോഡി അളവ് രോഗങ്ങളിൽനിന്ന് മികച്ച സംരക്ഷണം നൽകും. പ്രതിരോധശേഷി ദീർഘകാലം നിലനിർത്തുകയും ചെയ്യും. ഒറ്റ ഡോസ് വാക്സിൻ ഡെൽറ്റ വകഭേദത്തിൽനിന്ന് കൂടുതൽ സംരക്ഷണം നൽകില്ല. ഇക്കാരണത്താൽ, രണ്ടാമത്തെ ഡോസ് വൈകിപ്പിക്കുന്നതിലൂടെ, ഡോസുകൾക്കിടയിലുള്ള കാലയളവിൽ ആദ്യ ഡോസ് ലഭിച്ച ഒരു വ്യക്തിക്ക് കോവിഡ് വരാനുള്ള സാധ്യതയുണ്ടാകും. അതുകൊണ്ട് ആദ്യ ഡോസ് സ്വീകരിച്ച ശേഷം കിട്ടുന്ന പ്രതിരോധ ശേഷിയാണോ ദീർഘനാൾ നീളുന്ന പ്രതിരോധശേഷിയാണോ വേണ്ടതെന്ന് തീരുമാനിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.