മുക്കത്ത് വാക്സിൻ തീർന്നു; വളർത്തുമൃഗങ്ങളുമായി വന്നവർ വട്ടംചുറ്റി
text_fieldsമുക്കം: പ്രതിരോധ കുത്തിവെപ്പ് ക്യാമ്പിൽ വാക്സിൻ തീർന്നതിനെ തുടർന്ന് നായ്ക്കളുമായി ക്യാമ്പിനെത്തിയവർക്ക് ദുരിതമായി. പേവിഷബാധ നിയന്ത്രണ ഭാഗമായി മുക്കം നഗരസഭയിൽ നടന്ന ക്യാമ്പിനെത്തിയവർക്കാണ്, ഉയർന്ന വിലയ്ക്ക് പുറമെ നിന്ന് പ്രതിരോധ മരുന്ന് വാങ്ങി വളർത്തുമൃഗങ്ങൾക്ക് കുത്തിവെപ്പ് എടുക്കേണ്ടി വന്നത്.
പേവിഷബാധ നിയന്ത്രണ ഭാഗമായി നഗരസഭയിലെ മുഴുവൻ വളർത്തു നായ്ക്കൾക്കും പ്രതിരോധ കുത്തിവെപ്പുനൽകുന്നതിനായി 15 മുതൽ17 വരെയായിരുന്നു ക്യാമ്പ്.
നിലവിൽ വാക്‌സിൻ ചെയ്യാത്ത എല്ലാ വളർത്തുനായ്ക്കളെയും ക്യാമ്പിൽ കൊണ്ടുവന്നു കുത്തിവെപ്പ് എടുക്കണമെന്ന് നഗരസഭ അറിയിപ്പ് നൽകിയിരുന്നു. ഇതിന് 30 രൂപ ചാർജും നിശ്ചയിച്ചിരുന്നു.
എന്നാൽ മൃഗസംരക്ഷണ വകുപ്പ് നൽകിയ പ്രതിരോധ മരുന്ന് 50 മൃഗങ്ങൾക്ക് നൽകാൻ മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഇത് ആദ്യ ദിനം തന്നെ തീർന്നു. മൃഗാശുപത്രി ജീവനക്കാർ നഗരസഭാധികൃതരുടെ സഹകരണത്തോടെ സ്വന്തം നിലക്ക് വെള്ളിയാഴ്ച മരുന്ന് ലഭ്യമാക്കിയിരുന്നു. ഇതും തീർന്നതോടെ ശനിയാഴ്ച മൃഗങ്ങളുമായി കുത്തിവെപ്പിനെത്തിയവർ വട്ടം കറങ്ങി. സംഭവം വാക്കേറ്റത്തിനും ഇടയാക്കി.
നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വാഹനങ്ങൾ വിളിച്ച് മൃഗങ്ങളുമായി എത്തിയവരാണ് എറെ പ്രയാസത്തിലായത്. വീണ്ടും വണ്ടിക്കൂലി മുടക്കേണ്ട സ്ഥിതി വരുമെന്നതിനാൽ മിക്കവരും പുറത്തുനിന്ന് മരുന്ന് വാങ്ങി കുത്തിവെപ്പ് നടത്തി.
ഒരു മില്ലിമരുന്നാണ് ഒരു മൃഗത്തിന് നൽകേണ്ടത്. 10 മില്ലിയുടെ കുപ്പിയാണ് മൃഗസംരക്ഷണ വകുപ്പ് നൽകുന്നത്. ഇതിന് അഞ്ഞൂറ് രൂപയിൽ താഴെയാണ് വില. എന്നാൽ ഒരു മില്ലിയുടെ കുപ്പി വാങ്ങേണ്ടി വരുമ്പോൾ 190 രൂപ വരെയാണ് സ്വകാര്യ സ്ഥാപനങ്ങൾ ഈടാക്കുന്നത്.
അതേ സമയം വളർത്തുമൃഗങ്ങൾക്ക് മൃഗാശുപത്രികളിൽ എല്ലാ ദിവസവും കുത്തിവെപ്പിന് സൗകര്യമുണ്ട്. എന്നാൽ ഇക്കാലമത്രയും ഇതിൽ ഉപേക്ഷ കാണിച്ച ഉടമകൾ കൂട്ടത്തോടെ കുത്തിവെപ്പിന് എത്തിയതാണ് പ്രതിസന്ധിയുണ്ടാക്കിയതെന്ന് അധികൃതർ പറഞ്ഞു.
ക്യാമ്പിൽ വന്നവർ വീണ്ടും വരേണ്ട സാഹചര്യം ഒഴിവാക്കാനാണ് പുറമെ നിന്ന് മരുന്ന് വാങ്ങി കുത്തിവെപ്പ് എടുത്തതെന്നും ഇന്ന് മരുന്ന് എത്തിച്ച് തിങ്കളാഴ്ച മുതൽ കുത്തിവെപ്പ് തുടരുമെന്നും മൃഗാശുപത്രി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.