ലൈഫ് സയന്‍സ് പാര്‍ക്കില്‍ വാക്സിൻ ഉൽപാദന മേഖല
text_fieldsതിരുവനന്തപുരം: തോന്നയ്ക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കില്‍ വാക്സിന് ഉൽപാദന മേഖല സ്ഥാപിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. വാക്സിന് ഉൽപാദന യൂനിറ്റ് ആരംഭിക്കാന്‍ തയാറാകുന്ന ആങ്കര്‍ വ്യവസായങ്ങള്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കും. ലീസ് പ്രീമിയത്തിെൻറ 50 ശതമാനം സബ്സിഡിയോടെ 60 വര്‍ഷത്തേക്ക് ഭൂമി പാട്ടത്തിന് നല്‍കും. കെ.എസ്.ഐ.ഡി.സിയുമായി പാട്ടക്കരാര്‍ രജിസ്റ്റർ ചെയ്യുന്നതിന് സ്റ്റാംപ് ഡ്യൂട്ടിയും രജിസ്ട്രേഷന് ഫീസും ഒഴിവാക്കും. ഉപകരണങ്ങള്‍, പ്ലാൻറ്, യന്ത്രങ്ങള്‍ എന്നിവയുടെ വിലയുടെ 30 ശതമാനം വരെയുള്ള തുക ഫില്‍ ഫിനിഷ് യൂനിറ്റിന് ഒരു കോടി രൂപക്കകത്തും വാക്സിന് ഉല്പാദന യൂനിറ്റിന് അഞ്ച് കോടി രൂപക്കകത്തും സബ്സിഡി നിരക്കിലെ മൂലധന സഹായമായി നല്‍കും.
സംസ്ഥാന സര്‍ക്കാറിന് കീഴിലെ ധനകാര്യ സ്ഥാപനങ്ങള്‍ മുഖേന വായ്പ നൽകും. 20 വര്‍ഷത്തെ ദീര്‍ഘകാല തിരിച്ചടവ് കാലാവധി ഉണ്ടാകും. ഫില്‍ ഫിനിഷ് യൂനിറ്റിനുള്ള വായ്പ പരിധി 20 കോടിയിലും വാക്സിന് ഉല്പാദന യൂനിറ്റിനുള്ള വായ്പ പരിധി 30 കോടിയിലും നിജപ്പെടുത്തും. ആകെ വായ്പ തുക 100 കോടി രൂപക്കകത്താകും. സംരംഭത്തിന് ഏകജാലക അനുമതിയും ഫാസ്റ്റ് ട്രാക്ക് അംഗീകാരവും 30 ദിവസത്തിനുള്ളില്‍ നല്‍കും. ബില്‍ തുകയില്‍ യൂനിറ്റിന് രണ്ടു രൂപ വൈദ്യുതി സബ്സിഡി നല്‍കും. രണ്ടുവര്‍ഷത്തേക്ക് ബില്‍ തുകയില്‍ വെള്ളക്കര സബ്സിഡിയും നല്‍കും.
ലൈഫ് സയന്‍സ് പാര്‍ക്കില്‍ പൂര്‍ത്തിയാകുന്ന 85,000 ചതുരശ്ര അടി കെട്ടിടം വാക്സിന് യൂനിറ്റുകള്‍ക്ക് അനുയോജ്യമാണെന്ന് കമ്പനികള്‍ ഉറപ്പുവരുത്തിയാല്‍ വാര്‍ഷിക പാട്ടത്തിന് നല്‍കും. കമ്പനികളെ ക്ഷണിക്കുന്നതിന് രണ്ട് താല്പര്യപത്രം തയാറാക്കും. വാക്സിന് യൂനിറ്റ് സ്ഥാപിക്കുന്നതിനുള്ള കണ്‍സള്‍ട്ടൻറായി വാക്സിന് പ്രൊഡക്ഷന്‍ യൂനിറ്റ് വര്‍ക്കിങ് ഗ്രൂപ് അംഗവും എച്ച്. എൽ.എല്‍ ബയോടെക് ലിമിറ്റഡ് ഉദ്യോഗസ്ഥനുമായ വിജയകുമാര്‍ സിസ്ളയെ നിയമിക്കും. ഡോ. ബി. ഇക്ബാലിെൻറ നേതൃത്വത്തിലുള്ള ടീമിനെ സംസ്ഥാന വാക്സിന് നയം വികസിപ്പിക്കുന്നതിെൻറ ചുമതല ഏല്പിക്കാനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.