രമക്കെതിരായ നീക്കത്തിന് പിന്നിൽ വടകര ലോക്സഭ സീറ്റ്
text_fieldsതിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന് ഒന്നരവർഷം ബാക്കിനിൽക്കെ അണിയറ പ്രവർത്തനങ്ങളുമായി ഇറങ്ങിയ സി.പി.എമ്മിന് ആദ്യ ഘട്ടത്തിൽ തിരിച്ചടിയേറ്റപ്പോൾ മുൻതൂക്കം പ്രതിപക്ഷത്തിനായി.
കോൺഗ്രസിനും സി.പി.എമ്മിനും ഒരുപോലെ രാഷ്ട്രീയ അഭിമാനമായ വടകര ലോക്സഭ മണ്ഡലം നിലനിർത്താനും തിരിച്ചു പിടിക്കാനുമുള്ള പോരാട്ടമാണ് നിയമസഭക്കുള്ളിലും പുറത്തുമായി നടക്കുന്നത്. വടകര ഏത് വിധേനയും തിരിച്ചുപിടിക്കുക എന്നത് അജണ്ടയായി എടുത്താണ് സി.പി.എം കോഴിക്കോട് ജില്ല കമ്മിറ്റിയും സംസ്ഥാന നേതൃത്വവും കരുക്കൾ നീക്കുന്നത്.
തങ്ങൾക്ക് ബദൽ ഇടത് രാഷ്ട്രീയമായി രൂപംകൊണ്ട ആർ.എം.പിയുടെ, കോൺഗ്രസ്- യു.ഡി.എഫ് 'ബാന്ധവം' തുറന്നുകാട്ടി ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പേ കളമൊരുക്കുകയാണ് സി.പി.എം. അതിന്റെ ഭാഗമായാണ് ഒറ്റികൊടുത്തതിന്റെ പാരിതോഷികമാണ് രമയുടെ എം.എൽ.എ സ്ഥാനമെന്ന് എളമരം കരീം വിമർശിച്ചത്.
ആർ.എം.പി ഇടതുപക്ഷ രാഷ്ട്രീയം കൈയൊഴിഞ്ഞെന്ന കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനന്റെ വിമർശനവും കോൺഗ്രസുമായുള്ള കൈകോർക്കൽ ചർച്ചയാക്കുന്നതിന് തന്നെയായിരുന്നു. കോൺഗ്രസുമായി സഖ്യമുണ്ടാക്കിയ ആർ.എം.പിയല്ല മണ്ടോടി കണ്ണന്റെ പൈതൃകത്തിന് അവകാശിയെന്നാണ് സി.പി.എം വാദം. ആർ.എം.പി രൂപവത്കരണശേഷം വടകര നഷ്ടമായത് സി.പി.എമ്മിന് അപമാനമായി. മണ്ഡലം തിരിച്ച് പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് എൽ.ജെ.ഡിയെ തിരികെ എൽ.ഡി.എഫിൽ എത്തിച്ചത്.
യു.ഡി.എഫുമായുള്ള രാഷ്ട്രീയ ബന്ധമാണ് കെ.കെ. രമയെ നിയമസഭയിലെത്തിച്ചത്. തുടർന്ന് നിയമസഭയിൽ കോൺഗ്രസ്, യു.ഡി.എഫ് നേതൃത്വത്തിന്റെ നാവായാണ് രമ പ്രവർത്തിക്കുന്നതെന്ന് സി.പി.എം വിലയിരുത്തുന്നു. രമയുടെ നാവ് രാഷ്ട്രീയമായി രാകി കൂർപ്പിച്ച് ഉപയോഗിക്കുമ്പോഴാണ് സി.പി.എമ്മിന് നോവുന്നതെന്ന് കോൺഗ്രസ് നേതൃത്വത്തിനും അറിയാം. ഈ സാഹചര്യത്തിൽ ആർ.എം.പിയുടെ രാഷ്ട്രീയവും രമയുടെ നിലപാടും തുറന്ന രാഷ്ട്രീയ വിമർശനത്തിന് വിധേയമാക്കാനാണ് തീരുമാനം.
രമയെ അവഗണിക്കുക എന്നതല്ല, ആർ.എം.പിയുടെ നിലവിലെ രാഷ്ട്രീയം പറഞ്ഞ് പോകാൻ തന്നെയാണ് സി.പി.എം തീരുമാനം. പക്ഷേ, എം.എം. മണിയുടെ വാവിട്ട വാക്ക് തിരിച്ചടിയായെന്ന് മാത്രം. വിവാദത്തിന് ഇടയായ വാക്ക് ഒഴിവാക്കാമായിരുന്നെന്ന അഭിപ്രായമുണ്ടെങ്കിലും ലക്ഷ്യത്തെ തളർത്തുന്ന ഒന്നും സി.പി.എം തൽക്കാലം ആഗ്രഹിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.