വടകര റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോം നീളംകൂട്ടൽ പുരോഗമിക്കുന്നു
text_fieldsവടകര: അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുന്ന വടകര റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിന്റെ നീളംകൂട്ടൽ പ്രവൃത്തി പുരോഗമിക്കുന്നു. നിലവിലെ പ്ലാറ്റ്ഫോം മേൽക്കൂരയോടുകൂടി വികസിപ്പിക്കുകയാണ് ചെയ്യുന്നത്. യാത്രക്കാരുടെ ബാഹുല്യംകൊണ്ട് ബുദ്ധിമുട്ടുന്ന വടകര റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിന്റെ നീളം കൂട്ടി യാത്രക്കാർക്ക് മികച്ച സൗകര്യമൊരുക്കണമെന്നത് വർഷങ്ങളായുള്ള ആവശ്യമായിരുന്നു. അമൃത് ഭാരത് പദ്ധതിക്കൊപ്പം നേരത്തേ പ്രവൃത്തി തുടങ്ങിയ പ്ലാറ്റ്ഫോമിന്റെ ഉയരം കൂട്ടുന്ന പ്രവൃത്തി അന്ത്യഘട്ടത്തിലേക്കു കടന്നിട്ടുണ്ട്. പ്ലാറ്റ്ഫോമിന്റെ ഉയരക്കുറവ് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിരുന്നത്. ട്രെയിനിലേക്കു കയറാനും ഇറങ്ങാനും വയോധികരും ഭിന്നശേഷിക്കാർ ഉൾപ്പെടെയുള്ള യാത്രക്കാരും നന്നേ ബുദ്ധിമുട്ടുന്ന അവസ്ഥയായിരുന്നു. റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച കെ. മുരളീധരൻ എം.പിക്കു മുന്നിൽ യാത്രക്കാരൻ വിഷയം എത്തിച്ചതോടെ എം.പി റെയിൽവേ ഡിവിഷനൽ ജനറൽ മാനേജറുമായി ചർച്ചചെയ്തതിനെ തുടർന്നാണ് പ്ലാറ്റ് ഫോം നവീകരണത്തിന് നടപടികളായത്. റെയിൽ പാളത്തിൽനിന്ന് 84 സെന്റിമീറ്റർ ഉയരത്തിലാണ് പ്ലാറ്റ്ഫോം ഉയർത്തുന്നത്. നിലവിൽ 70 മുതൽ 76 മീറ്റർ വരെയാണ് പ്ലാറ്റ്ഫോമിന്റെ ഉയരം. 700 മീറ്റർ വരുന്ന ഭാഗമാണ് നവീകരിക്കുന്നത്. ആകർഷകമായ പ്രവേശന കവാടം, വിശാലമായ പാർക്കിങ് സൗകര്യം, എയർകണ്ടീഷൻ ചെയ്ത കാത്തിരിപ്പുകേന്ദ്രം തുടങ്ങിയവയുടെ പ്രവൃത്തിയും ഇതോടൊപ്പം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.