വടകരയിൽ ഷാഫി പറമ്പിലിന്റെ ലീഡ് ഒരു ലക്ഷം കടന്നു
text_fieldsകടത്തനാടൻ കളരിയിൽ മിന്നും വിജയത്തിലേക്ക് യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. ഷാഫിയുടെ ഭൂരിപക്ഷം ഒരു ലക്ഷം കടന്നിരിക്കയാണ്. ഉച്ചക്ക് രണ്ട് മണിവരെയുള്ള കണക്ക് പ്രകാരം 101127 വോട്ടിന്റെ ലീഡാണുള്ളത്. വടകരയിലെ തെരഞ്ഞെടുപ്പ് പോരാട്ടം തീക്കാറ്റായി ഉയർന്നപ്പോൾ ആരു ജയിക്കുമെന്നത് പ്രവചനാതീതമായിരുന്നു. എന്നാൽ, യു.ഡി.എഫിന്റെ ആത്മ വിശ്വാസം ശരിവെക്കുന്ന ഫലമാണ് വരുന്നത്. പത്മജ വേണുഗോപാലിന്റെ ബി.ജെ.പി പ്രവേശനത്തോടെ ശൈലജയുമായുള്ള ഏറ്റുമുട്ടലിൽ നിന്ന് കെ. മുരളീധരൻ മാറി പകരം ഷാഫി എത്തിയതോടെയാണ് വടകരയിലെ ചിത്രം മാറിമറിഞ്ഞത്. പതിവിനപ്പുറം ഇത്തവണ പോരാട്ടം കനത്തു.
വടകരയിൽ എൽ.ഡി.എഫിലെ കെ.കെ. ശൈലജയും യു.ഡി.എഫിലെ ഷാഫി പറമ്പിലും ഇഞ്ചോടിഞ്ച് പോരാടുമ്പോൾ ഇരുവർക്കും അനുകൂല, പ്രതികൂല ഘടകങ്ങൾ നിരവധിയായിരുന്നു. അക്രമ രാഷ്ട്രീയം, ബോംബ് സ്ഫോടനം, സൈബർ ആക്രമണം തുടങ്ങി ആരോപണ പ്രത്യാരോപണങ്ങളും പരാതിയും കേസും കടന്ന് സ്ഥാനാർഥിക്കുള്ള വക്കീൽനോട്ടീസിൽ വരെയെത്തി.
തന്റെ മോർഫ് ചെയ്ത വീഡിയോ ഇറക്കിയെന്ന് പറഞ്ഞില്ലെന്ന ശൈലജയുടെ അവസാന ‘വിശദീകരണം’ പാർട്ടിയുടെ സൈബർ പോരാളികളെ വരെ പ്രതിരോധത്തിലാക്കി. അർധരാത്രിയിൽ പോലും ഷാഫിയുടെ സ്വീകരണ പരിപാടിയിൽ കണ്ട വലിയ ആൾക്കൂട്ടം യു.ഡി.എഫിന് നൽകിയ ആത്മവിശ്വാസം ചെറുതല്ല. പതിറ്റാണ്ടുകളായി ഇടതുമുന്നതിയുടെ കോട്ടയായിരുന്നു വടകര. എന്നാൽ, സി.പി.എം വിട്ട് ടി.പി. ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ആർ.എം.പി രൂപവൽകരിച്ചതിനുശേഷമാണ് തിരിച്ചടി നേരിട്ട് തുടങ്ങിയത്. മുല്ലപ്പള്ളി രാമചന്ദ്രനാണ് വടകരയിലെ ഇടത് തേരോട്ടത്തിന് തടയിട്ടത്. രണ്ട് തവണ വടകര പ്രതിനിധികരിച്ച മുല്ലപ്പള്ളി മാറി നിന്ന സാഹചര്യത്തിലാണ് കെ. മുരളീധരൻ വടകരയിലെത്തിയത്. ഇത്തവണ കെ.കെ. ശൈലജയുടെ വ്യക്തി പ്രഭാവത്തിൽ മണ്ഡലം തിരിച്ചുപിടിക്കാൻ കഴിയുമെന്നായിരുന്നു ഇടത് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.