വടകര താലൂക്ക് ഓഫിസ് തീവെപ്പ്; പ്രതി രക്ഷപ്പെട്ടത് പ്രോസിക്യൂഷൻ പരാജയം
text_fieldsവടകര: വടകര താലൂക്ക് ഓഫിസ് തീവെച്ച് നശിപ്പിച്ച കേസിൽ പ്രതി രക്ഷപ്പെട്ടത് കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷനുണ്ടായ വീഴ്ചമൂലം. ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ പൊലീസ് കേസെടുത്തത്. സാഹചര്യത്തെളിവുകൾ കോടതിക്ക് മുമ്പിൽ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ലോക്കൽ പൊലീസ് അന്വേഷിച്ച കേസിൽ അന്ധ്രപ്രദേശ് സ്വദേശി സതീശ് നാരായണനെ അറസ്റ്റ് ചെയ്ത് കേസ് ജില്ല ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.
സംഭവത്തിൽ ഒറ്റ ദൃക്സാക്ഷികളെയും പൊലീസിന് കണ്ടെത്താനായില്ല. 2021 ഡിസംബർ 17 ന് പുലർച്ചയോടെയാണ് വടകര താലൂക്ക് ഓഫിസ് കെട്ടിടം തീവെച്ച് നശിപ്പിച്ചത്. സംഭവ ദിവസം പുലർച്ച പ്രതിയെ സ്ഥലത്ത് കണ്ടതായി സമീപത്തെ ചായക്കടക്കാരൻ മൊഴി നൽകിയിരുന്നു.
എന്നാൽ, പ്രതിയെ തീവെപ്പുമായി ബന്ധിപ്പിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. താലൂക്ക് ഓഫിസ് പരിസരത്തെ ജീപ്പിലുണ്ടായിരുന്ന ടർക്കി പ്രതിയുടെ താമസ സ്ഥലത്തുവെച്ച് കണ്ടെത്തിയിരുന്നു. ഇത് തീവെച്ചത് പ്രതിയാണെന്നതിന് തെളിവായി കോടതി അംഗീകരിച്ചില്ല.
ഇന്ധനമോ മറ്റ് രാസവസ്തുകളോ സംഭവസ്ഥലത്തുനിന്ന് ലഭിച്ചതായി ശാസ്ത്രീയ പരിശോധന റിപ്പോർട്ടിലില്ല. മേഖലയിൽനിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളിൽ കണ്ട മുഖം വ്യക്തതയില്ലാത്തതിനാൽ പ്രതിയുടെതാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല. ടൗണിന്റെ പലപ്പോഴായി ഭാഗത്ത് തീയിട്ടത് ഇയാളാണെന്ന് പൊലീസ് മൊഴി നൽകിയെങ്കിലും താലൂക്ക് ഓഫിസ് തീവെപ്പിൽ പ്രതിയുടെ സാന്നിധ്യം തെളിയിക്കാനായില്ല.
പേപ്പറുകൾ കൂട്ടിയിട്ട് കത്തിച്ചതാണ് തീപിടിത്തത്തിന് ഇടയാക്കിയതെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചില്ല. പ്രതിക്ക് നേരത്തേ മാനസിക പ്രശ്നങ്ങളുണ്ടായിരുന്നതായി ഡോക്ടർ മൊഴി നൽകിയിരുന്നു. താലൂക്ക് ഓഫിസ് തീവെപ്പ് കേസ് പരിശോധന റിപ്പോർട്ട് രണ്ട് വർഷമായിട്ടും കോടതിയിൽ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല.
റീജനൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയച്ച സീഡി, പെൻ ഡ്രൈവ് എന്നിവയുടെ പരിശോധനാ റിപ്പോർട്ട് വരാത്തതിനെ തുടർന്ന് കോടതി വിധി പറയുന്നത് മാറ്റിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.