വടകരയുടെ മനസ്സ് ചാഞ്ചാടാനിടയില്ല
text_fieldsവടകര: വടകരയുടെ തെരഞ്ഞെടുപ്പ് ഗോദയിൽ ഇത്തവണയും രക്തസാക്ഷിത്വവും അക്രമരാഷ്ട്രീയവും പ്രധാന ചർച്ചാവിഷയമാണ്. 1948 ഏപ്രിൽ 30ന് ഒഞ്ചിയത്ത് വെടിവെപ്പിൽ എട്ട് കമ്യൂണിസ്റ്റുകാർ രക്തസാക്ഷികളായി. ഒടുവിൽ 2012 മേയ് നാലിന് ആർ.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരൻ കൊലക്കത്തിക്കിരയായി. തെരഞ്ഞെടുപ്പിൽ കാലങ്ങളായി പിന്തുടരുന്ന രക്തസാക്ഷിത്വവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഇത്തവണയും വടകര നിയോജക മണ്ഡലത്തിൽ പ്രചാരണങ്ങളിൽ അരങ്ങ് തകർക്കുന്നത്.
1957ലെ പ്രഥമ തെരഞ്ഞെടുപ്പിൽ മാത്രമാണ് വടകരയിൽനിന്ന് കമ്യൂണിസ്റ്റ് പ്രതിനിധി തെരഞ്ഞെടുക്കപ്പെട്ടത്. എം.കെ. കേളുവായിരുന്നു അന്ന് വിജയിച്ചത്. പിന്നീട് ഇങ്ങോട്ട് വടകരയുടെ മണ്ണിൽ സോഷ്യലിസ്റ്റുകളുടെ തേരോട്ടമായിരുന്നു. സോഷ്യലിസ്റ്റുകളുടെ കുത്തക തകർത്ത് 2021ലെ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പിന്തുണയോടെ ആദ്യ വനിത പ്രതിനിധിയായി ആർ.എം.പിയിലെ ടി.പി. ചന്ദ്രശേഖരന്റെ സഹധർമിണി കെ.കെ. രമ വിജയക്കൊടി പാറിച്ചു.
ആർ.ജെ.ഡി നേതാവ് മനയത്ത് ചന്ദ്രനെയാണ് രമ തോൽപിച്ചത്. ആർ.എം.പിക്ക് ആദ്യ മത്സരത്തിൽ ടി.പി. ചന്ദ്രശേഖരനിലൂടെ വടകരയിൽ 20,504 വോട്ടുകളാണ് ലഭിച്ചത്. യു.ഡി.എഫ് പിന്തുണയിൽ കെ.കെ. രമ കന്നിയങ്കത്തിൽ 7,491 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഇടത് കാറ്റ് ആഞ്ഞ് വീശിയപ്പോൾ വലതുപക്ഷത്ത് ഉറച്ചുനിന്ന മണ്ഡലമാണ് വടകര. ലോക്സഭ തെരഞ്ഞെടുപ്പിൽ ഏഴ് നിയോജക മണ്ഡലങ്ങളിൽ വടകര ഒഴികെ ബാക്കി എല്ലാ നിയോജക മണ്ഡലങ്ങളും ഇടതുപക്ഷത്തോട് ഒപ്പമാണ്.
യു.ഡി.എഫിന്റെ യുവ സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ മാസ് എൻട്രിയും എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജയുടെ പ്രതിഛായയോടെയുള്ള വരവും പ്രവർത്തകർ ആവേശത്തോടെ സ്വീകരിക്കുകയുണ്ടായി. നിയമസഭ തെരഞ്ഞെടുപ്പിൽനിന്ന് വിഭിന്നമായി വലിയ മാറ്റമൊന്നും വടകര മണ്ഡലത്തിൽ സംഭവിക്കാൻ സാധ്യതയില്ല.
2008 ലാണ് ടി.പി. ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ആർ.എം.പി രൂപവത്കൃതമായത്. പിന്നീട് ആർ.എം.പി ദേശീയാടിസ്ഥാനത്തിൽ ആർ.എം.പി.ഐ ആയി മാറി. ആർ.എം.പി.ഐ, യു.ഡി.എഫിന്റെ ഭാഗമല്ലെങ്കിലും യു.ഡി.എഫിനെ പിന്തുണക്കുന്ന സഖ്യകക്ഷിയായിട്ടാണ് അറിയപ്പെടുന്നത്.
ഹൈകോടതി വിധിയുടെ പാശ്ചാത്തലത്തിൽ ടി.പി വധം വടകരയിൽ വീണ്ടും തെരഞ്ഞെടുപ്പ് ചർച്ചയായെങ്കിലും പൗരത്വ വിഷയത്തോടെ എരിഞ്ഞ് കത്തുന്ന അവസ്ഥയിലെത്തിയിരുന്നു. പാനൂർ സ്ഫോടനത്തോടെ അക്രമരാഷ്ട്രീയം ഉയർത്തിക്കാട്ടി ടി.പി വധം യു.ഡി.എഫ് പ്രധാന പ്രചാരണായുധമാക്കിയിട്ടുണ്ട്.
സോഷ്യലിസ്റ്റുകൾക്ക് വളക്കൂറുള്ള മണ്ണ് കൂടിയാണ് വടകരയിലേത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽനിന്ന് വിഭിന്നമായി ആർ.ജെ.ഡി ഉൾപ്പെടെയുള്ള കക്ഷികൾ പ്രചാരണത്തിൽ സജീവമാണ്. സോഷ്യലിസ്റ്റ് വോട്ടുകൾ മുഴുവനായും അനുകൂലമായാൽ വടകരയിലെ ചരിത്രം തിരുത്തുമെന്നാണ് എൽ.ഡി.എഫ് വാദം. തീപാറും പോരാട്ടത്തിൽ വടകരയിൽ ന്യൂനപക്ഷ വോട്ടുകൾ പൂർണമായും ഇത്തവണയും യു.ഡി.എഫിനെ തുണക്കുമെന്നാണ് ഷാഫി പറമ്പിലിന്റെ പ്രചാരണം നൽകുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.