വടക്കഞ്ചേരി അപകടം: ഡ്രൈവറുടെ രക്തസാമ്പിള്‍ പരിശോധനക്ക് അയച്ചു; കൂടുതൽ വകുപ്പ് ചുമത്തും
text_fieldsപാലക്കാട്: വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലം വാഹനാപകടത്തില്‍ ഡ്രൈവറുടെ രക്തസാമ്പിള്‍ പരിശോധനക്ക് അയച്ചു. കൊച്ചി കാക്കനാടുള്ള ലാബിലേക്കാണ് പരിശോധനക്ക് അയച്ചത്. മദ്യപിച്ചിരുന്നോ എന്ന് സ്ഥിരീകരിക്കാനാണ് സാമ്പിള്‍ അയച്ചത്. ആലത്തൂർ താലൂക്ക് ആശുപത്രിയില്‍ നിന്നാണ് രക്ത സാമ്പിൾ എടുത്തത്.
വാഹനാപകടത്തിന് കാരണം ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അശ്രദ്ധയാണെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. ട്രാൻസ്പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത് ഗതാഗതമന്ത്രി ആന്‍റണി രാജുവിന് നല്‍കിയ പ്രാഥമിക റിപ്പോർട്ടിലാണ് അപകടകാരണം വ്യക്തമാക്കുന്നത്. പുലർച്ചെ വേളാങ്കണി യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ഡ്രൈവർ രാത്രി വീണ്ടും വാഹനം ഓടിച്ചതായും ഇടതുവശത്തു കൂടി കാറിനെ മറികടക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അറസ്റ്റിലായ ഡ്രൈവർ ജോമോനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും. മനപ്പൂർവമുള്ള നരഹത്യക്കാണ്(304 വകുപ്പ്) ജോമോനെതിരെ കേസെടുത്തത്. ജോമോന്‍റെ ലൈസൻസ് മോട്ടോർ വാഹനവകുപ്പ് റദ്ദാക്കും. മറ്റു സംസ്ഥാനങ്ങളിൽ ജോമോന്‍ വാഹനം ഗതാഗത നിയമലംഘനം നടത്തിയോയെന്നും പൊലീസ് പരിശോധിക്കും. ഡ്രൈവറുടെ മുൻകാല പശ്ചാത്തലവും പരിശോധനാ വിധേയമാക്കും.
ഇന്നലെ വൈകീട്ട് ജോമോന്‍റെ വൈദ്യ പരിശോധന പൂര്‍ത്തിയാക്കിയിരുന്നു. ഇന്നലെ വൈകീട്ടോടെയാണ് തിരുവനന്തപുരത്തേക്ക് കടക്കാൻ ശ്രമിച്ച ജോമോനെ കൊല്ലം ചവറയിൽ വച്ച് പൊലീസ് പിടികൂടിയത്. ബുധനാഴ്ച രാത്രി അപകടത്തിന് പിന്നാലെ ആശുപത്രിയിൽ ചികിത്സ തേടിയ ജോമോൻ അവിടെനിന്ന് മുങ്ങുകയായിരുന്നു.വടക്കഞ്ചേരി പൊലീസിന്‍റെ കസ്റ്റഡിയിലാണ് നിലവില്‍ ജോമോൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.