വടക്കഞ്ചേരി അപകടം: ബസുടമയും അറസ്റ്റിൽ
text_fieldsപാലക്കാട്: ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ വടക്കഞ്ചേരിയിലെ അപകടവുമായി ബന്ധപ്പെട്ട് ടൂറിസ്റ്റ് ബസിന്റെ ഉടമ അറസ്റ്റിൽ. അപകട പ്രേരണക്കുറ്റം ചുമത്തിയാണ് ഉടമ അരുണിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അപകടത്തിൽപ്പെട്ട ബസ് മൂന്നു മാസത്തിനിടെ 19 തവണ വേഗപരിധി ലംഘിച്ചെന്നാണ് പൊലീസ് കണ്ടെത്തൽ. വേഗത മുന്നറിയിപ്പ് കൃത്യമായി ലഭിച്ചിട്ടും ഉടമ അവഗണിച്ചു. ഡ്രൈവർ ജോമോനെ രക്ഷപ്പെടുത്താൻ ശ്രമിച്ചതും കുറ്റമായി ചുമത്തി. അമിത വേഗത തടയാൻ അരുൺ കൃത്യമായി ഇടപെട്ടിരുന്നെങ്കിൽ വൻ ദുരന്തം ഒഴിവാകുമായിരുന്നെന്നും അതിനാലാണ് പ്രേരണാകുറ്റം ചുമത്തിയതെന്നും പൊലീസ് വിശദീകരിച്ചു. കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുന്നതായും പാലക്കാട് എസ്.പി ആർ. വിശ്വനാഥ് അറിയിച്ചു.
ബസ് ഡ്രൈവർ ജോമോനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കെതിരെ നേരത്തെ മനഃപൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരുന്നത്. പിന്നീട് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു. അപകടം ഉണ്ടാക്കിയ ബസ് 97.72 കിലോമീറ്റർ വേഗത്തിലായിരുന്നു എന്നതിന് കൂടുതൽ തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. അപകടത്തിന് അഞ്ച് സെക്കൻഡ് മുമ്പും വേഗപരിധി ലംഘിച്ചെന്ന അലർട്ട് ഉടമക്കും ആർ.ടി.ഒ കൺട്രോൾ റൂമിലും ലഭിച്ചു. രാത്രി 11.30 കഴിഞ്ഞ് 34 സെക്കൻഡ് ആയപ്പോഴാണ് അവസാനത്തെ അലർട്ട് എത്തിയത്. അഞ്ചു സെക്കൻഡിനകം ബസ് അപകടത്തിൽപ്പെടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.