കരഞ്ഞ് കലങ്ങി സങ്കടമുറ്റത്ത് അവർ വീണ്ടുമെത്തി
text_fieldsമുളന്തുരുത്തി (കൊച്ചി): വിഷാദ മൂകമായിരുന്നു അന്തരീക്ഷം. അവിടേക്ക് സങ്കടം പെയ്തുതോരാത്ത മനസ്സുമായി അവർ വീണ്ടുമെത്തി. മുഖത്തോട് മുഖംനോക്കുമ്പോൾ കണ്ണുനിറഞ്ഞ് വിങ്ങിപ്പൊട്ടി. തോളിൽ കൈയിട്ട് നടന്ന കൂട്ടുകാരുടെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കുന്ന ഓർമ അവരുടെ ഉള്ളുലച്ചു.
വിനോദസഞ്ചാരത്തിനുപോയ ബസിന്റെ അമിതവേഗം അഞ്ച് വിദ്യാർഥികളുടെയും ഒരു അധ്യാപകന്റെയും ജീവനെടുത്ത മുളന്തുരുത്തി വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്കൂൾ തിങ്കളാഴ്ച വീണ്ടും തുറന്ന ദിനം കുട്ടികളും അധ്യാപകരും സ്വയം നിയന്ത്രിക്കാൻ ഏറെ പാടുപെട്ടു. ഒച്ചയും ബഹളവും നിറയേണ്ട ക്ലാസ് മുറികളിൽ കുട്ടികൾ മൂകരായി. അവരെ പതിവ് രീതികളിലേക്ക് മടക്കിക്കൊണ്ടുവരാൻ അധ്യാപകർ ശ്രമിച്ചെങ്കിലും വൃഥാവിലായി.
ആവശ്യമുള്ള കുട്ടികൾക്ക് കൗൺസലിങ് നൽകലായിരുന്നു പ്രധാനമായും തിങ്കളാഴ്ച ചെയ്തത്. അതിനിടെ വടക്കഞ്ചേരി അപകടത്തിൽ പരിക്കേറ്റ കുട്ടികളുടെ ബാഗുമായി വാഹനം സ്കൂളിലേക്കെത്തിയത് വീണ്ടും സങ്കടപ്പെയ്ത്തായി.
പരിക്കേറ്റവരിൽ ചികിത്സയിൽ തുടരുന്നത് എലിസബത്ത് എന്ന വിദ്യാർഥിനിയും ആൻസി എന്ന അധ്യാപികയും മാത്രമാണ്. ഇരുവരും എറണാകുളത്തെ രണ്ടു സ്വകാര്യ ആശുപത്രികളിലാണുള്ളത്.
പരിക്കേറ്റ മറ്റ് കുട്ടികൾ കൗൺസലിങ്ങിന് എത്തിയിരുന്നു. പത്തോളം സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ വളരെ വിപുലമായാണ് കൗൺസലിങ് നൽകുന്നത്. എറണാകുളം മൈത്രി മാനസികാരോഗ്യകേന്ദ്രം, ജില്ല മാനസികാരോഗ്യ കേന്ദ്രം, ചൈൽഡ് വെൽഫെയർ സെന്റർ, പൊലീസ് സേന സ്പെഷൽ സെൽ, ഇന്ത്യൻ സൈക്യാട്രിക് കേന്ദ്രം, മുളന്തുരുത്തി 'ആല' തുടങ്ങിയ സംഘടനകളുടെ സഹായത്താൽ മെന്റൽ തെറപ്പി, മ്യൂസിക് തെറപ്പി, പ്രാർഥന ക്ലാസുകൾ, വിവിധ വർക്ഷോപ്പുകൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. ഡോ.സി.ജെ. ജോൺ, ഡോ. ലെനീറ്റ ജോൺ, അസ്വലിറ്റോ, മനു ജോസഫ്, എന്നിവർക്കുപുറമേ പ്രത്യേക പരിശീലനം നേടിയ 10 സന്നദ്ധ സേവകരും മൂന്നുമാസത്തേക്ക് കൗൺസലിങ് തുടരുമെന്ന് സ്കൂൾ മാനേജർ ഫാ. കുര്യാക്കോസ് ജോർജ് മാധ്യമത്തോട് പറഞ്ഞു.
വടക്കഞ്ചേരി അപകടം: ഡ്രൈവറെയും ഉടമയെയും കസ്റ്റഡിയിൽ വാങ്ങും
പാലക്കാട്: ഒമ്പതു പേരുടെ മരണത്തിനിടയാക്കിയ വടക്കഞ്ചേരി അപകടവുമായി ബന്ധപ്പെട്ട കേസില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്, ഉടമ അരുണ്‍ എന്നിവരെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ്. അടുത്ത ദിവസം തന്നെ കസ്റ്റഡി അപേക്ഷ കോടതിയില്‍ സമര്‍പ്പിക്കും. ഡ്രൈവര്‍ക്കെതിരെ മനപ്പൂര്‍വ നരഹത്യക്കുറ്റവും അരുണിനെതിരെ പ്രേരണകുറ്റവും ചുമത്തിയിട്ടുണ്ട്.
ഇതുവരെയുള്ള റിപ്പോര്‍ട്ട് ആലത്തൂര്‍ ഡിവൈ.എസ്.പി ആര്. അശോകന് തിങ്കളാഴ്ച ഹൈകോടതിയില്‍ സമര്‍പ്പിച്ചു. ലഹരി പദാർഥങ്ങൾ ഉപയോഗിച്ചിരുന്നോ എന്നറിയാൻ ഡ്രൈവര്‍ ജോമോന്റെ രക്തസാമ്പിളിന്റെ പരിശോധന ഫലം ഇനിയും വന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.