'അവർ അത്രയും സ്പീഡിലായിരുന്നു, ഓടിയെത്തിയവരാരും ടൂറിസ്റ്റ് ബസ് മറിഞ്ഞുകിടക്കുന്നത് കണ്ടില്ല' - കെ.എസ്.ആർ.ടി.സി ഡ്രൈവർ
text_fieldsപാലക്കാട്: വടക്കഞ്ചേരിയിൽ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ വിനോദയാത്ര സംഘത്തിന്റെ ബസ് അമിത വേഗത്തിലാണ് വന്നതെന്ന് കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ. 'അവർ അത്രയും സ്പീഡിലാണ് വന്നത്. നിയന്ത്രിക്കാൻ കഴിയാത്ത സ്പീഡിലായിരുന്നു. അവർ ഞങ്ങളെ ഇടിച്ചിട്ട് ദൂരെപോയി കുഴിയിലേക്ക് മറിയുകയായിരുന്നു -ഡ്രൈവർ പറയുന്നു. കെ.എസ്.ആർ.ടി.സി ബസിന്റെ വലത് സൈഡിലുണ്ടായിരുന്ന യാത്രക്കാർക്കാണ് പരിക്കേറ്റതെന്നും അദ്ദേഹം പറഞ്ഞു.
അപകടശബ്ദം കേട്ട് വന്നവരൊക്കെ കെ.എസ്.ആർ.ടി.സി ബസ് മാത്രമാണ് കണ്ടത്. എല്ലാവരും അതിലെ ആളുകളെ രക്ഷപ്പെടുത്തുകയാണ് ചെയ്തത്. മറ്റേ ബസ് മറിഞ്ഞ് കുഴിയിൽ കിടക്കുന്നത് ആരും കണ്ടില്ല. പിന്നീട് കുട്ടികളുടെ നിലവിളിയെല്ലാം കേട്ട് പോയി നോക്കുമ്പോഴാണ് അവിടെ ടൂറിസ്റ്റ് ബസ് മറിഞ്ഞുകിടക്കുന്നത് കണ്ടത് -ഡ്രൈവർ മാധ്യമങ്ങളോട് പറഞ്ഞു.
കെ.എസ്.ആർ.ടി.സിന്റെ വലതു സൈഡിൽ പിറകിലായാണ് ടൂറിസ്റ്റ് ബസ് ഇടിച്ചുകയറിയത്. ഈ ഭാഗം മുഴുവനായി തകർന്നിട്ടുണ്ട്. ഇടിച്ച ശേഷം 400 മീറ്ററോളം നീങ്ങുകയും ചെയ്തിരുന്നു. അപകടത്തിൽ ഒമ്പത് പേരാണ് മരിച്ചത്. ആകെ 40 പേർക്കു പരുക്കേറ്റു. 12 പേരുടെ നില ഗുരുതരമാണ്.
പാലക്കാട് - തൃശൂർ ദേശീയപാതയിലാണ് സ്‌കൂളിൽ നിന്ന് ടൂർ പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. 42 വിദ്യാർഥികളും അഞ്ച് അധ്യാപകരുമായാണ് എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്കൂളിൽനിന്ന് നിന്ന് ഊട്ടിയിലേക്ക് ടൂർ പോയത്. ഇന്നലെ വൈകീട്ട് ആറുമണിയോടെയാണ് വിനോദയാത്രാ സംഘം പുറപ്പെട്ടത്. മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കെ.എസ്.ആർ.ടി.സി ബസിന്റെ പിന്നിലേക്കു പാഞ്ഞുകയറിയത്. കൊട്ടാരക്കര – കോയമ്പത്തൂർ കെ.എസ്.ആർ.ടി.സി ബസിൽ 49 യാത്രക്കാർ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.