38 പേർ ചികിത്സയിൽ, നാല് പേർക്ക് ഗുരുതരം; മരിച്ചവരിൽ അഞ്ച് വിദ്യാർഥികൾ
text_fieldsപാലക്കാട്: വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലത്ത് ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘത്തിന്‍റെ ബസ് കെ.എസ്.ആർ.ടി.സി ബസിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്കൂളിലെ അഞ്ച് വിദ്യാർഥികളും ഒരു അധ്യാപകനും. കെ.എസ്.ആർ.ടി.സി ബസിലെ മൂന്ന് യാത്രക്കാരും മരിച്ചു. 38 പേരാണ് തൃശൂർ മെഡിക്കൽ കോളജിലും ആലത്തൂർ താലൂക്ക് ആശുപത്രിയിലുമായി ചികിത്സയിലുള്ളത്. ഇതിൽ നാല് പേരുടെ ആരോഗ്യനില ഗുരുതരമാണ്. ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടം.
വെട്ടിക്കൽ ബസേലിയസ് വിദ്യാനികേതൻ സ്കൂളിലെ കായിക അധ്യാപകൻ മുളന്തുരുത്തി ഇഞ്ചിമല വട്ടത്തറ വീട്ടിൽ വി.കെ. വിഷ്ണു(33) പ്ലസ്ടു വിദ്യാർഥികളായ ഉദയം പേരൂർ വലിയകുളം അഞ്ജനം വീട്ടിൽ അഞ്ജന അജിത്(17), ആരക്കുന്നം കാഞ്ഞിരിക്കപ്പിള്ളി ചിറ്റേത്ത് വീട്ടിൽ സന്തോഷിന്റെ മകൻ സി.എസ്. ഇമ്മാനുവൽ(17), പത്താംക്ലാസ് വിദ്യാർഥികളായ മുളന്തുരുത്തി പൈങ്ങാരപ്പിള്ളി പൊറ്റയിൽ വീട്ടിൽ പി.സി. തോമസിന്റെ മകൻ ക്രിസ് വിന്റർ ബോൺ തോമസ്(15), മുളന്തുരുത്തി പൈങ്ങാരപ്പിള്ളി രശ്മിനിലയത്തിൽ രാജേഷ് ഡി. നായരുടെ മകൾ ദിയ രാജേഷ്(15), തിരുവാണിയൂർ ചെമ്മനാട് വെമ്പ്ലിമറ്റത്തിൽ ജോസ് ജോസഫിന്റെ മകൾ എൽന ജോസ്(15) എന്നിവരാണ് മരിച്ചത്.
(മരിച്ച കെ.എസ്.ആർ.ടി.സി യാത്രക്കാരായ രോഹിത് രാജ്, അനൂപ്)
കെ.എസ്.ആർ.ടി.സി യാത്രക്കാരായ തൃശൂർ നടത്തറ കൊഴുക്കുള്ളി ഗോകുലം രോഹിത് രാജ് (24), കൊല്ലം വള്ളിയോട് വൈദ്യൻകുന്ന് ശാന്തിമന്ദിരം ഒ. അനൂപ് (22) എന്നിവരും മരിച്ചവരിൽ ഉൾപ്പെടുന്നു. ഇവരുടെ പോസ്റ്റുമോർട്ടം നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. റവന്യൂമന്ത്രിയുമായും പാലക്കാട് കലക്ടർ ഉൾപ്പടെയുള്ളവരുമായി കാര്യങ്ങൾ ഏകോപിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊട്ടാരക്കരയിൽനിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസിന് പിന്നിൽ വലതുവശത്തായാണ് ടൂറിസ്റ്റ് ബസ് ഇടിച്ചത്. മുന്നിലുണ്ടായിരുന്ന കാറിനെ അമിതവേഗത്തിൽ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം. ഇടിയെ തുടർന്ന് നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് മറിയുകയായിരുന്നു. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിലാണ് ബസിൽ കുടുങ്ങിയവരെ പുറത്തെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.