വടക്കഞ്ചേരി അപകടം: കെ.എസ്.ആർ.ടി.സി ബസ്നടുറോഡിൽ നിർത്തി
text_fieldsതിരുവനന്തപുരം: വടക്കഞ്ചേരി വാഹനാപകടത്തിൽ ടൂറിസ്റ്റ് ബസ് ഡ്രൈവർക്ക് മാത്രമല്ല, കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ ഭാഗത്തും വീഴ്ചയുണ്ടായെന്ന് നാറ്റ്പാക് (നാഷനൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച്) കണ്ടെത്തൽ.
ഡ്രൈവർ റോഡിന് നടുവിൽ കെ.എസ്.ആർ.ടി.സി ബസ് നിർത്തിയെന്നും ഇത് അനധികൃതമായ നിർത്തലിന്റെ പരിധിയിൽ വരുന്നതാണെന്നും അപകടത്തിൽ കെ.എസ്.ആർ.ടിസി ഡ്രൈവർക്കും പങ്കുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഗതാഗത നിയമങ്ങളെ സംബന്ധിച്ച് കൃത്യമായ ധാരണയില്ലാത്തതാണ് ഇതിനു കാരണം. ഉത്തരവാദിത്തമുള്ള പൊതുഗതാഗത ഡ്രൈവർ എന്നനിലയിൽ മതിയായ മുന്നറിയിപ്പുകളും സൂചനകളും നൽകി പാലിച്ച് റോഡരികിലേക്ക് ബസ് നിർത്താമായിരുന്നു.
കെ.എസ്.ആർ.ടി.സി അധികൃതർ തങ്ങളുടെ ഡ്രൈവർമാർ നിയമവിരുദ്ധമായി വാഹനങ്ങൾ നിർത്തുന്നുണ്ടോ എന്ന് കൃത്യമായി നിരീക്ഷിക്കണമെന്ന നിർദേശവും നാറ്റ്പാക് മുന്നോട്ടുവെക്കുന്നു. വടക്കഞ്ചേരി അപകടത്തിന്റെ പ്രധാന കാരണം ടൂറിസ്റ്റ് ബസ് ഡ്രൈവർ തന്നെയാണെന്ന് നാറ്റ്പാക് റിപ്പോർട്ട് അടിവരയിടുന്നു.
ടൂറിസ്റ്റ് ഡ്രൈവറുടെ അശ്രദ്ധയും നിരുത്തരവാദപരവുമായ ഡ്രൈവിങ്ങുമാണ് അപകടത്തിനിടയാക്കിയത്. അശ്രദ്ധമായ ഡ്രൈവിങ് ആഘാതത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. ക്ഷീണമുണ്ടായിരുന്നിട്ടും ടൂറിസ്റ്റ് ബസ് ഡ്രൈവർ തുടർച്ചായി വാഹനമോടിച്ചു. ഇതുമൂലം റോഡിലെ സാഹചര്യങ്ങളോട് വേഗത്തിൽ പ്രതികരിക്കാൻ സാധിക്കാത്ത സ്ഥിതി ഡ്രൈവർക്കുണ്ടായി. മുന്നിലേക്ക് കയറാൻ മതിയായ ഇടമുണ്ടോയെന്ന് പോലും നോക്കാതെ കെ.എസ്.ആർ.ടി.സി ബസിനെ മറികടക്കാൻ ശ്രമിച്ചു. ഡ്രൈവിങ്ങിന്റെ അടിസ്ഥാന തത്ത്വങ്ങൾ പോലും ടൂറിസ്റ്റ് ബസ് ഡ്രൈവർ പാലിച്ചിട്ടില്ല.
കെ.എസ്.ആർ.ടി.സി ബസിനും ടൂറിസ്റ്റ് ബസിനും ഇടയിലുണ്ടായിരുന്ന കാറിന്റെ ഭാഗത്തും വീഴ്ചയുണ്ടായി. വേഗത്തിൽ പോകേണ്ട വാഹനങ്ങൾക്കായുള്ള വലതുവശത്തെ ലൈനിൽ കൂടിയാണ് കാർ സഞ്ചരിച്ചിരുന്നതെങ്കിലും കാറിന്റെ വേഗം ഈ ലൈനിൽ സഞ്ചരിക്കേണ്ട വേഗവുമായി തട്ടിച്ചു നോക്കുമ്പോൾ കുറവായിരുന്നു.
മണിക്കൂറിൽ 50 കിലോമീറ്ററിലാണ് കാർ ഓടിയത്. ഓരോ വരിയിലൂടെയും സഞ്ചരിക്കേണ്ട വേഗത്തെക്കുറിച്ച് കാർ ഡ്രൈവർക്ക് ധാരണയുണ്ടായിരുന്നില്ല. സാവധാനത്തിൽ ഓടുന്ന വാഹനങ്ങൾ നാലുവരിയിലെ ഏറ്റവും ഇടതുവശത്തെ വരിയിലൂടെയാണ് സഞ്ചരിക്കേണ്ടത്. ദേശീയപാതയിൽ മതിയായി വഴിവിളക്കുകളും റിഫ്ലക്ടറുകളും ഇല്ലാത്തതും അപകടത്തിന് വഴിവെച്ചെന്ന് റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.