കാത്തിരിപ്പിന് വിരാമം; വാഗമൺ ചില്ലുപാലം ഇന്ന് തുറക്കും
text_fieldsതൊടുപുഴ: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണില്‍ നിര്‍മിച്ച കാന്റിലിവര്‍ മാതൃകയിലുള്ള ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചില്ലുപാലവും സാഹസിക വിനോദ പാര്‍ക്കും ബുധനാഴ്ച പൊതുമരാമത്ത്, വിനോദസഞ്ചാര മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ബുധനാഴ്ച വൈകീട്ട് അഞ്ചിന് വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കില്‍ നടക്കുന്ന യോഗത്തില്‍ വാഴൂര്‍ സോമന് എം.എല്‍.എ അധ്യക്ഷത വഹിക്കും. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യാതിഥിയാകും.
സ്വകാര്യ സംരംഭകരുമായി ചേര്‍ന്ന് ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി ഇടുക്കി ഡി.ടി.പി.സിയും പെരുമ്പാവൂരിലെ ഭാരത് മാത വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കിക്കി സ്റ്റാര്‍സും ചേര്‍ന്നാണ് ഗ്ലാസ് ബ്രിഡ്ജ് ഒരുക്കിയിരിക്കുന്നത്. ഓണത്തിന് തുറക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും വൈകുകയായിരുന്നു.
സമുദ്രനിരപ്പില്‍നിന്ന് 3600 അടി ഉയരത്തിലുള്ള വാഗമണ്ണില്‍ 120 അടി നീളത്തില്‍ ജര്‍മനിയില്‍നിന്ന് ഇറക്കുമതി ചെയ്ത ഗ്ലാസില്‍ നിര്‍മിച്ച പാലത്തിനു മൂന്ന് കോടിയാണ് നിര്‍മാണച്ചെലവ്. 35 ടണ്‍ സ്റ്റീലാണ് പാലം നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഒരേസമയം 15 പേര്‍ക്ക് കയറാവുന്ന പാലത്തില്‍ കയറി നിന്നാല്‍ മുണ്ടക്കയം, കൂട്ടിക്കല്‍, കൊക്കയാര്‍ മേഖലകള്‍വരെ കാണാന്‍ സാധിക്കും. ആകാശ ഊഞ്ഞാല്, സ്കൈ സൈക്ലിങ്, സ്കൈ റോളര്‍, റോക്കറ്റ് ഇജക്ടര്‍, ഫ്രീഫോള്‍, ജയന്റ് സ്വിങ്, സിപ്ലൈന്‍ തുടങ്ങിയവയും സാഹസിക പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.