എം.ടിക്ക് പ്രബുദ്ധ കേരളം കാവല്‍ –മുഖ്യമന്ത്രി
text_fieldsവടകര: അസഹിഷ്ണുതയുടെ പുതിയ കാലത്ത് വാഗ്ഭടാനന്ദന്‍െറ പേരിലുള്ള പുരസ്കാരം നല്‍കാന്‍ എന്തുകൊണ്ടും യോഗ്യത എം.ടി. വാസുദേവന്‍ നായര്‍ക്കുതന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള ആത്മവിദ്യാസംഘത്തിന്‍െറ 100ാം വാര്‍ഷികവും ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ 92ാം വാര്‍ഷികവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതാതീതമായ മനുഷ്യസ്നേഹമാണ് എം.ടി രചനകള്‍ പങ്കുവെക്കുന്നത്. ഇതുതന്നെയാണ് വാഗ്ഭടാനന്ദനും ചെയ്തത്. എല്ലാവരും അഖിലേശ്വരനെ സ്മരിക്കാന്‍ ആവശ്യപ്പെട്ട കാലത്ത് അനീതിയെ എതിര്‍ക്കാന്‍ കൂടി വാഗ്ഭടാനന്ദന്‍ ആവശ്യപ്പെട്ടു. വിഗ്രഹത്തില്‍ കാര്‍ക്കിച്ചുതുപ്പുന്ന ജീവിതസാഹചര്യം ചിത്രീകരിച്ച നിര്‍മാല്യം പോലൊരു ചലച്ചിത്രം ഇന്ന് ചിന്തിക്കാന്‍ കഴിയില്ല.
നോട്ട് നിരോധനത്തില്‍ പൊറുതിമുട്ടിയ ജനതയുടെ ദുരിതം കണ്ട് എം.ടി പ്രതികരിച്ചു. അപ്പോഴേക്കും ഭീഷണി വന്നു. ആരാണീ എം.ടി എന്നാണ് ഭീഷണി. എം.ടി ആരാണെന്ന ചോദ്യം ഉയര്‍ത്തുന്നയാള്‍ മലയാളിയാണെങ്കില്‍ പ്രബുദ്ധമായ ഈ നാടിനുതന്നെ അപമാനമാണ്. ഗോവിന്ദ പന്‍സാരെയും കല്‍ബുര്‍ഗിയും പുതിയകാലത്തെ അസഹിഷ്ണുതയുടെ ഇരകളാണ്. അഭിപ്രായം പറയുന്നവരെ ഭീഷണിപ്പെടുത്തുകയും വകവരുത്തുകയും ചെയ്യുകയാണിന്ന്. നിലപാടുകളുള്ളവര്‍ അഭിപ്രായങ്ങള്‍ തുറന്നുപറയും.
ലോകത്തിന് എം.ടിയെ വേണം. പ്രബുദ്ധ കേരളം കോട്ടപോലെ എം.ടിക്ക് കാവല്‍ നില്‍ക്കും. വാഗ്ഭടാനന്ദനും അഭിപ്രായം പറഞ്ഞതിന്‍െറ പേരില്‍ നിരവധി ഭീഷണികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. കേരള ആത്മവിദ്യാസംഘം ഏര്‍പ്പെടുത്തിയ പ്രഥമ വാഗ്ഭടാനന്ദ പുരസ്കാരം ചടങ്ങില്‍ മുഖ്യമന്ത്രി എം.ടിക്കു സമ്മാനിച്ചു.
അസുലഭ മുഹൂര്‍ത്തമെന്ന് എം.ടി
വടകര: മറക്കാനാവാത്ത ഏറെ മുഹൂര്‍ത്തങ്ങള്‍ സര്‍ഗാത്മക ജീവിതത്തിലുണ്ടായിട്ടുണ്ടെന്നും അതിലൊന്നാണ് വാഗ്ഭടാനന്ദ പുരസ്കാരമെന്നും എം.ടി. വാസുദേവന്‍ നായര്‍. മുഖ്യമന്ത്രിയില്‍നിന്ന് പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയുധങ്ങളേക്കാളും മൂര്‍ച്ച ചിന്തക്കും വാക്കുകള്‍ക്കുമാണെന്ന് തിരിച്ചറിഞ്ഞയാളാണ് വാഗ്ഭടാനന്ദന്‍. അദ്ദേഹത്താല്‍ സ്ഥാപിതമായ ഊരാളുങ്കല്‍ സൊസൈറ്റി ഇന്ന് നാടിന്‍െറ അഭിമാനമാണ്.
ഇന്നെവിടെ പോകുമ്പോഴും റോഡുപണി നടക്കുകയാണെന്ന് കാണിച്ച് ഊരാളുങ്കലിന്‍െ ബോര്‍ഡ് കാണാം. അത്, കാണുമ്പോള്‍ ഈ നാടിന്‍െറ കൂട്ടായ്മയുടെ വളര്‍ച്ചയെക്കുറിച്ച് ചിന്തിക്കാറുണ്ടെന്നും എം.ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.