വൈദേകം വിൽക്കുന്നു; കേന്ദ്രമന്ത്രിയുടെ കമ്പനി വാങ്ങാൻ സാധ്യത
text_fieldsകണ്ണൂർ: ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജന്റെ കുടുംബത്തിന് നിക്ഷേപമുള്ള കണ്ണൂർ മൊറാഴയിലെ വൈദേകം ആയുർവേദ റിസോർട്ട് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് കൈമാറാൻ നീക്കം. ആദ്യം റിസോർട്ട് നടത്തിപ്പും പിന്നീട് ഓഹരിക്കൈമാറ്റവും നടത്താനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഇതുസംബന്ധിച്ച കരാർ ഈമാസം 15ന് ഒപ്പുവെക്കുമെന്നാണ് സൂചന.
ഇ.പി. ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിര, മകൻ പി.കെ. ജയ്സൺ എന്നിവരുടെ 91.99 ലക്ഷം രൂപയുടെ ഓഹരികൾ കൈമാറാൻ നേരത്തേ തീരുമാനിച്ചിരുന്നു. ഇതിനായി പലരുമായും ചർച്ച നടത്തുന്നതിനിടെയാണ് കേന്ദ്രമന്ത്രിയുടെ ഉടമസ്ഥതയിലുള്ള കമ്പനി അധികൃതരെ സമീപിച്ചത്. ഇ.പിയുടെ കുടുംബത്തിന്റെ നിക്ഷേപമല്ല, സ്ഥാപനം മുഴുവൻ ഏറ്റെടുക്കാൻ ഇവർ സന്നദ്ധത അറിയിക്കുകയും ചെയ്തു. എത്ര രൂപക്കാണ് കൈമാറ്റമെന്ന് നിശ്ചയിച്ചിട്ടില്ല. വിഷുവിന് ശേഷം തിരുവനന്തപുരത്ത് കൈമാറ്റ നടപടികൾ ഉണ്ടാകുമെന്നാണ് സൂചന. ഓഹരികൾ കൈമാറാൻ തീരുമാനിച്ചതായും പലരുമായും ചർച്ച നടത്തിയതായും ഇത്തരം കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും വൈദേകം റിസോർട്ട് സി.ഇ.ഒ തോമസ് ജോസഫ് ‘മാധ്യമ’ത്തോട് പറഞ്ഞു.
റിസോർട്ടിലെ നിക്ഷേപം ചൂണ്ടിക്കാട്ടിയാണ് സി.പി.എമ്മിൽ ഇ.പി. ജയരാജനെതിരെ പി. ജയരാജൻ അനധികൃത സ്വത്ത് സമ്പാദന പരാതി ഉന്നയിച്ചത്. പാർട്ടിയിൽ ഒറ്റപ്പെടുന്ന സ്ഥിതി വന്നതോടെയാണ് ഓഹരികൾ കൈമാറാൻ ഇ.പി തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.