പഞ്ചഗുസ്തിയിൽ താരമാകാൻ വൈഗ ബിനോയ്
text_fieldsതലശ്ശേരി: സ്പെയിനിൽ നടക്കുന്ന ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ് എരഞ്ഞോളി മലാൽ സ്വദേശിനി വൈഗ ബിനോയ്. ഇതിനോടകം തന്നെ പഞ്ചഗുസ്തി മത്സരത്തിൽ നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടിയ താരമാണ് വൈഗ. പഞ്ചഗുസ്തി മത്സരങ്ങളിൽ ഉയരങ്ങൾ കീഴടക്കുകയാണ് വൈഗയുടെ ലക്ഷ്യം. ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് 60 കിലോ വിഭാഗത്തിൽ വൈഗ സ്വർണം നേടിയിരുന്നു. തലശ്ശേരി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്.
അത്ലറ്റിക് മത്സരങ്ങളുടെ പരിശീലനത്തിനിടയിൽ നിന്ന് അപ്രതീക്ഷിതമായാണ് വൈഗ പഞ്ചഗുസ്തിയിലേക്ക് എത്തിയത്. മയ്യിൽ സ്വദേശിയും ആംസ്റ്റി ലിങ് താരവുമായ അഖിൽ, ബോഡി ബിൽഡർ മഹേഷ് എന്നിവരാണ് പഞ്ചഗുസ്തിയുടെ ബാലപാഠങ്ങൾ വൈഗക്ക് പകർന്നു നൽകിയത്. ചെറിയ കാലയളവിൽ നിരവധി സമ്മാനങ്ങളും നേടി. ദേശീയ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി ഏറെ സാമ്പത്തിക ചെലവ് വരുമ്പോൾ അത് കണ്ടെത്തുന്നതിനുൾപ്പെടെ തങ്ങൾക്ക് എല്ലാവിധ പിന്തുണയുമായി കാരായിമുക്ക് ടീം സഹായത്തിനുണ്ടെന്നും മകളുടെ നേട്ടത്തിൽ ഏറെ സന്തോഷമുണ്ടെന്നും വൈഗയുടെ പിതാവ് ബിനോയ് പറഞ്ഞു. നിലവിൽ തലശ്ശേരിയിലെ ജിം ട്രെയിനർ കൂടിയായ പി.വി. സുധീഷിന്റെ കീഴിലാണ് പരിശീലനം നടത്തുന്നത്. അമ്മ സുബിഷയും സഹോദരി വയൂഗയും പിന്തുണയുമായി ഒപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.