മുല്ലപ്പെരിയാർ വെള്ളത്തിൽ വൈഗ നിറയുന്നു; അപായ മുന്നറിയിപ്പ് നൽകി അധികൃതർ
text_fieldsകുമളി: കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാറിൽ നിന്നും ധാരാളമായി വെള്ളം എത്തിയതോടെ തേനി ജില്ലയിലെ വൈഗ അണക്കെട്ട് നിറഞ്ഞു. അണക്കെട്ടിൽ നിന്നും എപ്പോൾ വേണമെങ്കിലും ജലം തുറന്നു വിടാൻ സാധ്യതയുള്ളതിനാൽ മധുരവരെയുള്ള കനാൽ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
മുല്ലപ്പെരിയാർ അണക്കെട്ടിൽ 131.50 അടി വെള്ളമാണ് ഇപ്പോഴുള്ളത്. അണക്കെട്ടിലേക്ക് സെക്കൻ്റിൽ 4294 ഘന അടി വെള്ളമാണ് ഒഴുകി എത്തുന്നത്. തമിഴ് നാട്ടിലേക്ക് 900 ഘന അടി വെള്ളം തുറന്നു വിട്ടിട്ടുണ്ട്. അണക്കെട്ടിൻ്റെ വൃഷ്ടിപ്രദേശമായ പെരിയാർ വനമേഖലയിൽ 85.8 ഉം തേക്കടിയിൽ 47 മില്ലിമീറ്റർ മഴയുമാണ് കഴിഞ്ഞ ദിവസം പെയ്തത്. മുല്ലപ്പെരിയാർ വെള്ളം സംഭരിക്കുന്ന തേനി ജില്ലയിലെ വൈഗ അണക്കെട്ടിൽ 68.44 അടി വെള്ളമാണ് ഇപ്പോഴുള്ളത്. 71 അടിയാണ് വൈഗയുടെ സംഭരണ ശേഷി. അണക്കെട്ടിൽ ആകെ 5395 മില്യൺഘന അടി വെള്ളമാണ് ഇപ്പോഴുള്ളത്.
മഴ തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് 71 ലേക്ക് എത്താൻ സാധ്യത ഏറിയതോടെയാണ് വെള്ളം മധുരയിലേക്ക് തുറന്നു വിടാൻ അധികൃതർ ആലോചന തുടരുന്നത്. ഇതിൻ്റെ ഭാഗമായി വെള്ളം ഒഴുകുന്ന കനാൽ, ആറിൻ്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തേനി ജില്ലയിലും മഴ ശക്തമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.