വൈക്കത്ത് ആർ.എസ്.എസ് കാര്യാലയത്തിന് കല്ലേറ്; താലൂക്കിൽ ഇന്ന് ഹർത്താൽ
text_fieldsവൈക്കം: വൈക്കം മഹാദേവക്ഷേത്രത്തിനു സമീപത്തെ ആർ.എസ്.എസ് കാര്യാലയത്തിനുനേരെ ബൈക്കിലെത്തിയവർ കല്ലെറിഞ്ഞു. പ്രദേശത്ത് സംഘർഷാവസ്ഥ. സംഭവത്തിൽ പ്രതിഷേധിച്ച് സംഘ്പരിവാർ സംഘടനകളുടെ നേതൃത്വത്തിൽ ബുധനാഴ്ച വൈക്കം താലൂക്കിൽ ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.
ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് വൈക്കം ക്ഷേത്രത്തിെൻറ കിഴക്കേ നടയിലെ കാര്യാലയത്തിനു നേരെ ആക്രമണമുണ്ടായത്.
ബൈക്കിലെത്തിയവർ കല്ലെറിഞ്ഞ ശേഷം രക്ഷപ്പെടുകയായിരുന്നു. ഈ സമയം കാര്യാലയത്തിനുള്ളിൽ ഉണ്ടായിരുന്ന ജില്ല സഹകാര്യവാഹ് സോമശേഖരൻ, താലൂക്ക് കാര്യവാഹക് മനു നാരായണൻ കുട്ടി എന്നിവരെ പരിക്കുകളോടെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് പ്രദേശത്ത് നൂറുകണക്കിനു പ്രവർത്തകർ തടിച്ചുകൂടിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. വൈക്കം ഡിവൈ.എസ്പി കെ. സുഭാഷിെൻറ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
ശബരിമല വിഷയത്തിൽ ഫേസ്ബുക്ക് പോസ്റ്റിട്ട യുവതിയെ മർദിച്ചതിെൻറ തുടർച്ചയായാണ് സംഘർഷങ്ങളെന്നാണ് സൂചന. ചൊവ്വാഴ്ച വൈകുന്നേരത്തോടെ പെൺകുട്ടിയെ മർദിച്ചയാളുടെ വീടിനു സമീപത്തായിരുന്നു അക്രമങ്ങളുടെ തുടക്കം. വൈക്കം മുരിയൻകുളങ്ങരയിലെ ഏറ്റുമുട്ടലിൽ നാല് ബി.ജെ.പി പ്രവർത്തകർക്കും ഒരു വഴിയാത്രക്കാരനും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിനു പിന്നിൽ സി.പി.എമ്മാണെന്നു ബി.ജെ.പിയും അക്രമങ്ങൾക്കു തുടക്കമിട്ടത് ബി.ജെ.പിയാണെന്നു സി.പി.എമ്മും ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.