സുല്‍ത്താന്‍ വീട്ടില്‍ ആസ്വാദകരെ സ്വീകരിക്കാന്‍ ഇനി ചാമ്പമരവും മാങ്കോസ്റ്റിനും മാത്രം
text_fieldsവൈക്കം: സുല്‍ത്താന്‍ വീട്ടിലെ ചാമ്പമരച്ചുവട്ടില്‍ ഇക്കാക്കയുടെ കഥകള്‍ മലയാളിക്ക് പറഞ്ഞുകൊടുക്കാന്‍ കായ് അബ്ദുല്‍ റഹിമാന്‍െറയും കുഞ്ഞുതാച്ചുമ്മയുടെയും മകന്‍ അബു ഇനിയില്ല. കഥകളുടെയും കഥാപാത്രങ്ങളുടെയും ഗ്രാമത്തിന് വേദന പകര്‍ന്ന് വൈക്കം മുഹമ്മദ് ബഷീറിന്‍െറ ഇളയസഹോദരന്‍ പി.എ. അബൂബക്കര്‍ എന്ന അബു ഓര്‍മയായി. ബഷീര്‍ കഥകളിലൂടെ മലയാളികളുടെ മനസ്സില്‍ സ്ഥാനമുറപ്പിച്ച പാത്തുമ്മാക്കും അബ്ദുല്‍ ഖാദറിനും ഹനീഫക്കും പിന്നാലെ അവസാനത്തെ കണ്ണിയായ അബുവും വിടപറഞ്ഞു. ശ്വാസംമുട്ടലിന്‍െറ അസ്വസ്തതകള്‍ അലട്ടുമ്പോഴും തലയോലപ്പറമ്പിലെ പുത്തന്‍ കാഞ്ഞൂര്‍ വീടിന്‍െറ ഉമ്മറ വാതിക്കല്‍ എപ്പോഴും അബു ഉണ്ടാകുമായിരുന്നു. നാടിനെ ബഷീറിന്‍െറ ഓര്‍മകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ദൃശ്യവുമായിരുന്നു ഇത്.
മറ്റു സഹോദരങ്ങളേക്കാള്‍ തന്മയത്വത്തോടെ ബഷീറിയന്‍ ശൈലിയില്‍ ഇക്കാക്കായുടെ ഓര്‍മകള്‍ പങ്കുവെക്കുന്നതില്‍ അസാധാരണത്വമുള്ള വ്യക്തിയായിരുന്നു അബു. ഭാര്യ സുഹറ മരിച്ചതോടെ ഇളയമകന്‍ ഷാജിയോടൊപ്പം തറവാടുവീട്ടിലായിരുന്നു താമസം. ബഷീറിന്‍െറ ഒപ്പം കഴിഞ്ഞ കാലങ്ങളും സംഭവങ്ങളും നര്‍മരൂപത്തില്‍ അവതരിപ്പിക്കാന്‍ അബുവിനുള്ള കഴിവ് വേറിട്ടൊരു അനുഭവമായിരുന്നു. സഹോദരങ്ങള്‍ എന്നതിനേക്കാളുപരി ഇവര്‍ നല്ല സുഹൃത്തുക്കള്‍ കൂടിയായിരുന്നു. എല്ലാ ജീവികളും ഭൂമിയുടെ അവകാശികളാണെന്നും അവയെ സ്നേഹിക്കണമെന്നുമുള്ള ബഷീറിന്‍െറ വാക്കുകള്‍ക്കൊപ്പമായിരുന്നു അബുവിന്‍െറ മനസ്സ് എപ്പോഴും.
ഐഷുക്കുട്ടി എന്ന പ്രസിദ്ധമായ ചെറുകഥ ഉമ്മ പറഞ്ഞതുകേട്ട് ബഷീറെഴുതിയതാണെന്ന് അബു പറയുമായിരുന്നു. വൈവിധ്യമാര്‍ന്ന ബഷീറിന്‍െറ ജീവിതാനുഭവങ്ങളിലൂടെയുള്ള അബുവിന്‍െറ യാത്ര കേള്‍വിക്കാര്‍ക്ക് ഏറെ ആസ്വാദ്യകരമായിരുന്നു. ഇക്കാക്കയുടെ ജീവകാരുണ്യം ഉമ്മയില്‍ നിന്നും ബാപ്പയില്‍ നിന്നും ലഭിച്ചതാണെന്നും അബു ഇടക്ക് പങ്കുവെക്കുമായിരുന്നു. സാഹിത്യകാരന്‍ കിളിരൂര്‍ രാധാകൃഷ്ണനെക്കൊണ്ട് ‘അബുവിന്‍െറ ഓര്‍മകള്‍’ പേരില്‍ അദ്ദേഹം പുസ്തകം പുറത്തിറക്കിയിരുന്നു.
ജന്മനാടായ തലയോലപ്പറമ്പില്‍ ബഷീറിന്‍െറ ഓര്‍മ നിലനിര്‍ത്താനും അബു തന്നെയാണ് മുന്‍കൈയെടുത്തത്. ബഷീര്‍ അന്തരിച്ച വര്‍ഷം തന്നെ ബഷീര്‍ സ്മാരക സമിതി എന്ന സംഘടനക്ക് രൂപംനല്‍കിയിരുന്നു. കഴിഞ്ഞ 22വര്‍ഷമായി ഈ സമിതി ബഷീര്‍ ഓര്‍മകള്‍ നിലനിര്‍ത്താന്‍ വ്യത്യസ്തമായ പരിപാടികള്‍ നടത്തിവരുന്നു. ബഷീര്‍ എറണാകുളത്ത് പുസ്തകശാല നടത്തിവന്നിരുന്നപ്പോള്‍ കടയില്‍ സഹായിയായി നിന്നത് അബുവായിരുന്നു. ബഷീറിനെക്കൊണ്ട് പെണ്ണ് കെട്ടിക്കുന്നതിന് കൂട്ടുകാര്‍ മുന്‍കൈയെടുത്തപ്പോള്‍ ഫാബിയെ പെണ്ണുകാണാനും കെട്ടുകല്ല്യാണത്തിനും ഉണ്ടായിരുന്ന ഏക ബന്ധു അബുവായിരുന്നു.
ബേപ്പൂര്‍ വൈലാലില്‍ താമസിക്കുന്ന ബഷീറിന് ഏറ്റവും ഇഷ്ടപ്പെട്ട ചെമ്പിക്കായലിലെ കരിമീനും വൈക്കത്തെ കുടംപുളിയുമായി കോഴിക്കോട്ടുപോകുന്നത് അബു പതിവാക്കിയിരുന്നു. ബഷീര്‍ കഥാപാത്രങ്ങളില്‍ ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായം ചെന്നയാളുമായിരുന്നു അബു. തലയോലപ്പറമ്പ് ചന്തക്ക് സമീപത്തെ പുത്തന്‍കാഞ്ഞൂര്‍ തറവാടിന്‍െറ മുറ്റത്ത് എത്തുന്ന ബഷീര്‍ ആരാധകരെ സ്വീകരിക്കാന്‍ ഇനി ചാമ്പമരവും മാങ്കോസ്റ്റിനും മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.