വൈക്കം നഗരസഭ: രാധിക ശ്യാം അധ്യക്ഷ; ജയം ഒരു വോട്ടിന്
text_fieldsവൈക്കം: വൈക്കം നഗരസഭ ചെയർപേഴ്സൻ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ രാധിക ശ്യാം വിജയിച്ചു. എൽ.ഡി.എഫ് സ്ഥാനാർഥി സുശീല എം.നായരെ ഒരു വോട്ടിനാണ് പരാജയപ്പെടുത്തിയത്.ബി.ജെ.പി സ്ഥാനാർഥി ഒ.മോഹനകുമാരിക്ക് നാല് വോട്ട് ലഭിച്ചു. സി.പി.എം വിമത എ.സി മണിയമ്മ എൽ.ഡി.എഫിനു അനുകൂലമായി വോട്ട് ചെയ്തപ്പോൾ, സ്വതന്ത്രനായ അയ്യപ്പൻ വോട്ടെടുപ്പിൽനിന്നും വിട്ടുനിന്നു.
യു.ഡി.എഫ്-എൽ.ഡി.എഫ് സ്ഥാനാർഥികൾ തമ്മിൽ ഒരു വോട്ടിന്‍റെ മാത്രം അന്തരമുണ്ടായതിനാൽ നാലുവോട്ട് ലഭിച്ച ബി.ജെ.പി സ്ഥാനാർഥിയെ ഒഴിവാക്കി യു.ഡി.എഫ്, എൽ.ഡി.എഫ് സ്ഥാനാർഥികൾക്കായി വീണ്ടും വോട്ടെടുപ്പ് നടത്തി. രണ്ടാമത് നടന്ന വോട്ടെടുപ്പിൽ ബി.ജെ.പി അംഗങ്ങളും സ്വതന്ത്രസ്ഥാനാർഥി അയ്യപ്പനും വോട്ടെടുപ്പിൽനിന്നും വിട്ടുനിന്നു.
പതിനൊന്ന് വോട്ട് രാധിക ശ്യാമിനും, പത്ത് വോട്ട് എൽ.ഡി.എഫ് സ്ഥാനാർഥി സുശീല എം.നായർക്കും ലഭിച്ചു. നഗരസഭ 17ാം വാർഡിൽനിന്ന് കോൺഗ്രസ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട രാധികാശ്യാമിന് യു.ഡി.എഫ് ധാരണപ്രകാരം ഒരുവർഷമാണ് ചെയർപേഴ്സൻ സ്ഥാനം ലഭിക്കുന്നത്.
26 അംഗ കൗൺസിലിൽ യു.ഡി.എഫിന് 11 അംഗങ്ങളും എൽ.ഡി.എഫിന് ഒമ്പത് അംഗങ്ങളും, ബി.ജെ.പിക്ക് നാല് അംഗങ്ങളുമാണുള്ളത്. ഇവർക്ക് പുറമെ സി.പി.എം വിമതയും ഒരു സ്വതന്ത്രനുമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.