Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവൈക്കം സത്യഗ്രഹ...

വൈക്കം സത്യഗ്രഹ ശതാബ്ദി: പോസ്റ്ററിൽ നിന്നും സി.കെ. ആശ എം.എൽ.എയെ ഒഴിവാക്കിയതിൽ പ്രതിഷേധവുമായി സി.പി.ഐ

text_fields
bookmark_border
vb vinu
cancel
camera_alt

സി.കെ. ആശ എം.എൽ.എ, സി.പി.ഐ. ജില്ല സെക്രട്ടറി വി.ബി. വിനു

കോട്ടയം: വൈക്കം സത്യഗ്രഹ ശതാബ്ദി സമ്മേളന തുടക്കത്തിൽ തന്നെ വിവാദം. പരിപാടിയുടെ പോസ്റ്ററിൽ നിന്നും സി.കെ. ആശ എം.എൽ.എയെ ഒഴിവാക്കിയതിൽ പ്രതിഷേധവുമായി സർക്കാരിന് പരാതി നൽകിയെന്നും പി.ആർ.ഡി. തെറ്റു തിരുത്തണമെന്നും സി.പി.ഐ. ജില്ല സെക്രട്ടറി വി.ബി. വിനു ആവശ്യപ്പെട്ടു.

രണ്ടു മുഖ്യമന്ത്രിമാർ പങ്കെടുക്കുന്ന പരിപാടിയിൽ മറ്റു മന്ത്രിമാരേക്കാൾ പ്രാധാന്യം വൈക്കത്തെ ജനപ്രതിനിധിക്ക് എൽ.ഡി.എഫ്. സർക്കാർ നൽകിയിട്ടുണ്ട്. എന്നാൽ, പി.ആർ.ഡി. പോസ്റ്ററിൽ കാണിച്ചത് ശരിയായില്ല. ഇതുപോലുള്ള കാര്യത്തിൽ പി.ആർ.ഡി. ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന സർക്കാരിന്റെ പരിപാടി ആകുമ്പോൾ ഏറ്റവും പ്രാധാന്യം എം.എൽ.എയ്ക്ക് ഉണ്ടാകണം. പ്രാധാന്യം വേണ്ട, പോസ്റ്ററിൽ പേരെങ്കിലും വേണ്ടേ? ജില്ലാ സെക്രട്ടറി മാധ്യമങ്ങളോട് ചോദിച്ചു. ഉദ്യോഗസ്ഥ തലത്തിലുള്ള വീഴ്ച മാത്രമാണിതെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം തന്നെ വിഷയത്തിലുള്ള എതിർപ്പും പ്രതിഷേധവും സി.പി.ഐ. അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വിഷയത്തിൽ വ്യക്തത വരുത്തിക്കൊണ്ട് ജില്ല സെക്രട്ടറി തന്നെ മാധ്യമങ്ങളോട് സംസാരിച്ചത്. അതേസമയം പരിപാടിയിൽ തനിക്ക് മതിയായ പ്രാതിനിധ്യം നൽകിയെങ്കിലും പരസ്യത്തിൽ ഉൾപ്പെടുത്താത് പി.ആർ.ഡിയുടെ വീഴ്ചയെന്നും സി.കെ. ആശ എം.എൽ.എ. ആരോപിച്ചു.ഈ വിഷയത്തി​ൽ തന്റെ പ്രതികരണം വിശദമായ കുറിപ്പായി എം.എൽ.എ ​​ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തു.

കുറിപ്പി​െൻറ പൂർണ രുപം

ഇന്ത്യയുടെ നവോത്ഥാന ചരിത്രത്തിൽ തങ്ക ലിപികളാൽ എഴുതപ്പെട്ട വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് രണ്ടു മുഖ്യമന്ത്രിമാർ ഒന്നിച്ചു ചേർന്നു നടത്തിയ ഉദ്ഘാടന സമ്മേളനം മറ്റൊരു ചരിത്ര സംഭവമായി മാറി. സമ്മേളനത്തിൽ പങ്കെടുത്ത പതിനായിരങ്ങൾ നവോത്ഥാന മുന്നേറ്റത്തിന് പുതിയ പാതകൾ വെട്ടിത്തെളിക്കുവാനുള്ള ആവേശം ഉൾക്കൊണ്ടുകൊണ്ടാണ് മടങ്ങിപ്പോയത്.

എന്നാൽ വൻ വിജയമായി മാറിയ സമ്മേളനാനന്തരം ഏതോ ചില തെറ്റിദ്ധാരണകളുടെ ഫലമായി സമ്മേളന ചടങ്ങുകളിൽ നിന്നും എന്നെ മനപ്പൂർവ്വം അകറ്റിനിർത്തി എന്ന രീതിയിലുള്ള പ്രചരണവും അതിനെതിരെയെന്ന രീതിയിലുള്ള പ്രതികരണങ്ങളും ചില മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വന്നത് ശ്രദ്ധയിൽപ്പെട്ടു. തികച്ചും അവാസ്തവമായ ഒരു സംഗതിയാണിത്.

വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷിക ആഘോഷ ചടങ്ങുകളുടെ എല്ലാ കാര്യങ്ങളിലും എന്നെ ഉൾപ്പെടുത്തുകയും എന്റെ കൂടി അഭിപ്രായം തേടികൊണ്ടുമാണ് സംസ്ഥാന ഗവൺമെന്റ് ഈ പരിപാടി നടത്തിയത് എന്ന കാര്യം അറിയാതെയാണ് പലരും പ്രതികരണത്തിന് തയ്യാറായത്. വൈക്കത്ത് നടന്ന ഉദ്ഘാടന സമ്മേളനത്തിന്റെ കൺവീനർ എന്ന നിലയിൽ, സംസ്ഥാനതല ആഘോഷ കമ്മിറ്റിയുടെ മുഖ്യ ചുമതലക്കാരായ ശ്രീ സജി ചെറിയാൻ, ശ്രീ വി എൻ വാസവൻ എന്നീ മന്ത്രിമാർ സമ്മേളന നടത്തിപ്പിന്റെ ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും എന്റെ കൂടി അഭിപ്രായം തേടിക്കൊണ്ടും എന്നെ അറിയിച്ചുകൊണ്ടും ആണ് ഉദ്ഘാടന പരിപാടി നടത്തിയത്. രണ്ടു മുഖ്യമന്ത്രിമാരും 5 സംസ്ഥാന മന്ത്രിമാരും എംപിമാരും എംഎൽഎമാരും കേരളത്തിലെ ഏറ്റവും മുതിർന്ന രാഷ്ട്രീയ നേതാക്കളുമെല്ലാം പങ്കെടുത്ത ഒരു പരിപാടിയിൽ അർഹമായ പ്രാതിനിധ്യം തന്നെയാണ് വൈക്കത്തെ എംഎൽഎ എന്ന നിലയിൽ എനിക്ക് ലഭിച്ചത്.

ഏകദേശം രണ്ടു വർഷത്തോളം നീണ്ടുനിൽക്കുന്ന വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ലോഗോ പ്രകാശനം ചെയ്തത് ബഹുമാനപ്പെട്ട തമിഴ്നാട് മുഖ്യമന്ത്രി ശ്രീ എം കെ സ്റ്റാലിൻ ലോഗോ എനിക്ക് കൈമാറി കൊണ്ടാണ്. വളരെ പ്രധാനപ്പെട്ട ഈയൊരു കാര്യം പലരുടെയും ശ്രദ്ധയിൽ പെടാതെ പോയത് എന്തുകൊണ്ടാണെന്ന് അറിയില്ല.

പലരും ചൂണ്ടിക്കാണിച്ചത് പരിപാടിയോട് അനുബന്ധിച്ച് പത്രങ്ങളിൽ വന്ന പരസ്യങ്ങളിൽ കോട്ടയം എംപിയുടേയും വൈക്കം എംഎൽഎയുടേയും പേരോ ഫോട്ടോയോ ഉൾപ്പെടുത്തിയിട്ടില്ല എന്ന ന്യൂനതയാണ്. ആ പരസ്യം നൽകിയത് പിആർഡി ഉദ്യോഗസ്ഥരാണ്. അക്കാര്യത്തിൽ അവരുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഗവൺമെന്റ് ശ്രദ്ധിക്കും എന്ന് ഉറപ്പുണ്ട്. തെറ്റിദ്ധാരണകൾ മാറ്റി, നൂറാം വാർഷികാഘോഷ ഉദ്ഘാടന സമ്മേളനത്തിൽ നിന്നും ലഭിച്ച ആവേശം ഉൾക്കൊണ്ടുകൊണ്ട് എൽഡിഎഫ് സർക്കാരിനൊപ്പം നവോത്ഥാന മുന്നേറ്റങ്ങളിൽ പങ്കാളികളാകണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:poster controversyVaikom Satyagraha
News Summary - Vaikom Satyagraha Centenary Poster Controversy
Next Story