വൈക്കം സത്യഗ്രഹ ശതാബ്ദി: ഓർമയിൽനിന്നകന്ന് കെ.വി. പണിക്കർ
text_fieldsചെങ്ങന്നൂർ: വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം പൊടിപൊടിക്കുമ്പോൾ വേണ്ടപ്പെട്ടവർ മറന്നുപോയ ഒരുപേരുണ്ട് -ഡോ. കെ. വേലായുധപ്പണിക്കർ എന്ന കെ.വി. പണിക്കർ. വൈക്കം സത്യഗ്രഹത്തിന്റെ പേരിൽ ആദരിക്കപ്പെടേണ്ട യഥാർഥപോരാളിയാണ് ചെങ്ങന്നൂർ കുരട്ടിശ്ശേരി കാഞ്ഞിക്കൽ വീട്ടിൽ വേലായുധപ്പണിക്കർ.
1897 ൽ ജനിച്ച വേലായുധപ്പണിക്കർ പഠനത്തിനുശേഷം ഹോമിയോ ഡോക്ടറായി സേവനമാരംഭിച്ചപ്പോഴാണ് സ്വാതന്ത്ര്യ സമരപ്രസ്ഥാനവുമായി ബന്ധപ്പെട്ട് മധ്യതിരുവിതാംകൂറിലെ അറിയപ്പെടുന്ന സമര ഭടനായി മാറുന്നത്. തിരുവിതാംകൂർ സ്റ്റേറ്റ്കോൺഗ്രസിന്റെ നേതൃത്വത്തിലായിരുന്നു അന്ന് സമരം. പണിക്കരുടെ കഴിവും വാക്ധോരണിയും കണ്ടറിഞ്ഞ് പട്ടം താണുപിള്ള, ടി.എം. വർഗീസ്, ടി.കെ. മാധവൻ എന്നിവർ മാന്നാറിലെത്തി തുടർന്ന് സ്റ്റേറ്റ് കോൺഗ്രസിന്റെ 11അംഗ ഉന്നത അധികാര സമിതിയിൽ നിയമിച്ചു.
വൈക്കം സത്യഗ്രഹത്തിന്റെ മുന്നണിപോരാളിയായി പൊരുതുമ്പോൾ ബ്രിട്ടീഷ് പട്ടാളത്തിന്റെ വലയം ഭേദിച്ച് അവരുമായി ഏറ്റുമുട്ടിയതിന്റെ പ്രതികാരമെന്നോണം വൈക്കത്തുനിന്ന് തിരുവനന്തപുരം വരെ 169 കി.മി. ഇരുമ്പ് ചങ്ങലയിൽ ബന്ധിച്ചു നടത്തി കൊണ്ടുപോയത് ചരിത്രമാണ്. ഒരു വർഷത്തെ ജയിൽവാസം കഴിഞ്ഞ് മോചിതനായപ്പോൾ തിരുവനന്തപുരം മുതൽ മാന്നാർ വരെ ഘോഷയാത്രയായി ആനയിച്ചു. തുടർന്ന്, വിഷവർശ്ശേരിക്കര ഊരുമഠം മൈതാനത്ത് സംസ്ഥാനതല സ്വീകരണവും പൊതുസമ്മേളനവും നടത്തി.
പിന്നാക്ക ജനവിഭാഗങ്ങൾക്ക് വഴിനടക്കാൻ സ്കൂളിൽ പഠിക്കാൻ തുടങ്ങിയകാര്യങ്ങളിൽ മുന്നാക്കക്കാരെ ഭീഷണിപ്പെടുത്തി നേടിക്കൊടുത്തു. മേജർ തൃക്കുരട്ടി മഹാദേവക്ഷേത്രത്തിൽ പ്രവേശനാനുമതിക്കായി പോരാടി. ഒരു അവർണ ബാലനെ തോളിലിരുത്തിയാണ് അദ്ദേഹം അമ്പലത്തിൽ കയറിയത്. മാന്നാറിൽ ജവഹർലാൽ നെഹ്റുവിനെ കൊണ്ടുവന്ന് പ്രസംഗിപ്പിച്ചതും ഡോ.കെ.വി.പണിക്കർ തന്നെ.
പട്ടികജാതി വിഭാഗങ്ങൾക്കായി പൊതു കിണറുകളും സ്കൂളുകളും സ്ഥാപിച്ചു. സൗജന്യ ചികിത്സ നടത്തി. അന്നത്തെ കൊല്ലം ജില്ല ഹരിജൻ കോൺഗ്രസ് പ്രസിഡന്റായിരുന്നു അദ്ദേഹം. ദലിതർക്ക് വേണ്ടി മിശ്രവിവാഹം, പന്തിഭോജനം എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.1944 ൽ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുമ്പോൾ രാത്രി ബ്രിട്ടീഷ് പട്ടാളം വളഞ്ഞു.
അവരുടെ പിടിയിൽനിന്നും ഓടിരക്ഷപ്പെടുമ്പോൾ സർപ്പദംശനം ഏറ്റാണ്മരണം സംഭവിച്ചത്. ഭാര്യ വിഷവർശ്ശേരിക്കര മൂന്നേത്തുവീട്ടിൽ കുഞ്ഞിക്കുട്ടി അമ്മക്ക് സ്വാതന്ത്ര്യസമരസേനാനികൾക്കുള്ള പെൻഷൻ മരണംവരെ കിട്ടിയിരുന്നതാണ് ഏക അംഗീകാരം.അഞ്ച് മക്കളിൽ ഒഡിഷയിൽ സോയിൽ കൺസർവേഷൻ ഓഫിസറായി വിരമിച്ച രവീന്ദ്രനാഥൻ നായർ മാത്രമാണിപ്പോൾ ശേഷിക്കുന്നത്.
നാടിനുവേണ്ടി സർവതും സമർപ്പിച്ച ഈ ധീരദേശാഭിമാനിയെ നാടിന്റെ ചരിത്രത്തിൽ ഒരിടത്തും അടയാളപ്പെടുത്തിയിട്ടില്ല.എങ്കിലും ഡോ. കെ.വി. പണിക്കർ എന്നപേര് ഹൃദയങ്ങളിൽ നിന്നും വെട്ടിമാറ്റാൻ ആരാലും സാധിക്കില്ലെന്ന് കുടുംബക്കാർ ഓർമിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.