കപ്പിനും ചുണ്ടിനുമിടയിൽ കൈവിട്ട മുഖ്യമന്ത്രി സ്ഥാനം
text_fieldsതിരുവനന്തപുരം: കപ്പിനും ചുണ്ടിനുമിടയിൽ മുഖ്യമന്ത്രി സ്ഥാനം കൈവിട്ട ചരിത്രവും വക്കം പുരുഷോത്തമന്റെ രാഷ്ട്രീയ ജീവിതത്തിലുണ്ട്. ഓർമപ്പെടുത്തുമ്പോൾ നിരാശ പ്രകടിപ്പിക്കാതെ ചിരിച്ചുതള്ളിയായിരുന്നു വക്കത്തിന്റെ മറുപടി. എ.കെ. ആന്റണി അപ്രതീക്ഷിതമായി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച സാഹചര്യം. ആന്റണിയും കരുണാകരനും രണ്ടു ഭാഗത്തായി നിലകൊള്ളുന്നു. കെ. കരുണാകരനും ഹൈകമാൻഡുമായി അത്ര രസത്തിലല്ല. ഇതിനിടയിലാണ് മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ പാർട്ടിയിൽ ആരംഭിച്ചത്. ഈ ഘട്ടത്തിലാണ് ഉമ്മൻ ചാണ്ടിക്കൊപ്പം വക്കം പുരുഷോത്തമന്റെ പേരും ഉയർന്നുകേട്ടത്. വോട്ടെടുപ്പ് നടന്നാൽ കരുണാകര വിഭാഗത്തിന്റെ പിന്തുണ പൂർണമായി തനിക്ക് കിട്ടുമെന്ന് വക്കം ഉറപ്പിച്ചിരുന്നു. മറുവിഭാഗത്തിന്റെ ഏതാനും വോട്ടുകളും. എം.എൽ.എമാരുടെ നിലപാടറിയാൻ കേന്ദ്ര പ്രതിനിധികളായി പ്രണബ് മുഖർജിയും അഹമ്മദ് പട്ടേലുമെത്തി. ഇതിനിടെ, ‘ഞങ്ങൾ വക്കത്തെ പിന്തുണക്കു’മെന്ന കെ. കരുണാകരന്റെ പ്രസ്താവന വന്നു. മത്സരിച്ചാൽ ഒരു പക്ഷത്തിന്റെ പ്രതിനിധിയായി താൻ ജയിച്ചെന്ന പ്രതീതി വരുമെന്നും ഹൈകമാൻഡ് അങ്ങനെ വിലയിരുത്തുമെന്നും കരുതി താൻ പിന്മാറിയെന്നാണ് പിന്നീട് ഇതിനെക്കുറിച്ച് വക്കം വിശദീകരിച്ചത്. അങ്ങനെ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായി. മുഖ്യമന്ത്രിയാകാതെ ക്ലിഫ് ഹൗസിൽ കഴിയാനുള്ള അവസരം കിട്ടിയെന്ന പ്രത്യേകതയും വക്കത്തിനുണ്ട്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായ മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്നു വക്കം. മുഖ്യമന്ത്രിയായെങ്കിലും ക്ലിഫ് ഹൗസിൽ പാർക്കാതെ തലസ്ഥാനത്തെ തന്റെ വീടായ പുതുപ്പള്ളി ഹൗസിൽ തുടരാനായിരുന്നു ഉമ്മൻ ചാണ്ടിയുടെ തീരുമാനം.
അങ്ങനെയാണ് വക്കം ക്ലിഫ് ഹൗസിലെത്തിയത്. കേന്ദ്രമന്ത്രിസ്ഥാനം നഷ്ടപ്പെട്ടതും മറ്റൊരു ചരിത്രം. അവസാന നിമിഷം വരെ പട്ടികയിൽ പേരുണ്ടായിരുന്നെങ്കിലും പിന്നീട് മറ്റൊരാളെ നിയോഗിക്കുകയായിരുന്നു. ജീവിതത്തിൽ ആരോടെങ്കിലും കടപ്പാടുണ്ടോ എന്ന ചോദ്യത്തിന് അച്ഛനോട് എന്നായിരുന്നു പല അഭിമുഖങ്ങളിലെയും വക്കത്തിന്റെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.