ഈ വീട്ടിൽ ദുരൂഹ മരണം തുടർക്കഥ; കുഞ്ഞപ്പൻ ഒടുവിലെ ഇര
text_fieldsഅഞ്ചൽ: നിർമാണത്തൊഴിലാളി കുത്തേറ്റ് മരിച്ചുകിടന്ന വീട്ടിൽ നേരത്തേയും മരണങ്ങൾ നടന്നതായി നാട്ടുകാർ. വാളകം വാലിക്കോട് മണ്ണാറക്കുന്നത്ത് വീട്ടിലാണ് മരണങ്ങൾ നടന്നത്.
ഗൃഹനാഥൻ കുഞ്ഞപ്പെൻറ ഭാര്യ തങ്കമ്മ വർഷങ്ങൾക്ക് മുമ്പ് ഇടിമിന്നലേറ്റ് മരിച്ചു. ഏതാനും വർഷത്തിനുശേഷം മൂത്തമകൻ ബിനോയി മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. തുടർന്ന് ബിനോയിയുടെ ഭാര്യയും കുട്ടിയും ഇവിടംവിട്ട് സ്വന്തം വീട്ടിലേക്ക് പോയി.
നാല് വർഷം മുമ്പ് കുഞ്ഞപ്പെൻറ ഇളയ മകനായ വിത്സൺ ഇവിടെ തൂങ്ങിമരിച്ചു. ഈ സംഭവങ്ങൾക്ക് പിന്നാലെയാണ് ഇവിടെ താമസിച്ചുവന്ന വെള്ളറട സ്വദേശി ഉണ്ണികൃഷ്ണൻ കഴിഞ്ഞദിവസം കുത്തേറ്റുമരിച്ചത്. ഭാര്യയും മക്കളും മരിച്ചതോടെ ഒറ്റപ്പെട്ട കുഞ്ഞപ്പെൻറ വീട്ടിൽ നിത്യസന്ദർശകരായി രാപകൽ ഭേദമെന്യേ മദ്യപരെത്താൻ തുടങ്ങുകയും ബഹളവും തെറിവിളിയും വർധിക്കുകയും ചെയ്തു.
വാളകം പള്ളിയിലെ കപ്യാരായിരുന്ന കുഞ്ഞപ്പനെ സ്വഭാവദൂഷ്യം കാരണം ജോലിയിൽനിന്ന് ഒഴിവാക്കിയിരുന്നു. ഇവിടത്തെ മദ്യപാനവും ബഹളവും വർധിച്ചതോടെ നാട്ടുകാരും ബന്ധുക്കളും പ്രതിഷേധിച്ചെങ്കിലും മദ്യപസംഘം ആക്രമിക്കാൻ തുടങ്ങിയതോടെ പിന്നീടാരും ശ്രദ്ധിക്കാതെയായി. ഇതോടെയാണ് സാമൂഹികവിരുദ്ധർക്ക് വീട് സുരക്ഷിതതാവളമായത്.
വാളകം ജങ്ഷനിൽനിന്ന് ഒരു വിളിപ്പാടകലം മാത്രമാണ് ഇവിടേക്കുള്ളത്. എം.സി റോഡിൽ വാളകം ബഥനി സ്കൂൾ ജങ്ഷനിൽനിന്നും വാലിക്കോട് കോളനിയിലേക്കുള്ള റോഡിന് സമീപമാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.