സ്കൂൾ ബസ് മറിഞ്ഞ് വിദ്യാർഥിയുടെ മരണം: കാരണം ബ്രേക്ക് നഷ്ടപ്പെട്ടതല്ല, ഡ്രൈവർക്കെതിരെ കേസ്; ലൈസൻസ് സസ്പെൻഡ് ചെയ്യും
text_fieldsകണ്ണൂര്‍: ശ്രീകണ്ഠപുരം വളക്കൈയിൽ ഒരുകുട്ടിയുടെ മരണത്തിനിടയാക്കിയ സ്കൂൾ ബസ് അപകടത്തിന് കാരണം ബസിന്‍റെ ബ്രേക്ക് നഷ്ടപ്പെട്ടതല്ലെന്ന് കണ്ടെത്തൽ. അപകടത്തിന് കാരണമാകുന്ന മറ്റ് മെക്കാനിക്കൽ തകരാറുകൾ വാഹനത്തിന് ഇല്ലെന്നും മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്‍റ് വിഭാഗം പ്രാഥമിക റിപ്പോർട്ട് ആര്‍.ടി.ഒക്ക് നൽകി. ബസിന്‍റെ ബ്രേക്ക് പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടമായി എന്നായിരുന്നു ഡ്രൈവറുടെ മൊഴി.
അമിത വേഗവും ഡ്രൈവറുടെ പരിചയക്കുറവും അപകടകാരണമായെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവർ മദ്യപിച്ചിരുന്നതായും നാട്ടുകാർ ആരോപിക്കുന്നു. ഇയാൾക്കെതിരെ ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തു. മെഡിക്കൽ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പ് പൊലീസിന് കത്ത് നൽകി. ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നീക്കവും നടക്കുന്നുണ്ട്. അപകടസമയത്ത് ഡ്രൈവർ നിസാം മൊബൈൽ ഉപയോഗിച്ചതായും സൂചനയുണ്ട്. അപകടം നടന്ന അതേസമയത്ത് തന്നെ വാട്സാപ്പിൽ സ്റ്റാറ്റസ് പ്രത്യക്ഷപ്പെട്ടിരുന്നു.
അപകടത്തില്‍ മരിച്ച കുറുമാത്തൂര്‍ ചിന്മയ സ്കൂൾ അഞ്ചാംതരം വിദ്യാർഥിനി ചെർക്കള നാഗം സ്വദേശിനി വായക്കൽ വീട്ടിൽ നേദ്യ എസ്. രജേഷിന്റെ(11) മൃതദേഹം പരിയാരം മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. പരിക്കേറ്റ 18 വിദ്യാർഥികൾ ചികിത്സയിൽ തുടരുകയാണ്. ആരുടെയും നില ഗുരുതരമല്ല.
ഇന്നലെ വൈകിട്ട് നാലരയോടെയാണ് വളക്കൈയിൽ വെച്ച് ബസ് മറിഞ്ഞത്. കിരാത്ത് ഭാഗത്തുനിന്ന് പഞ്ചായത്ത് റോഡിൽനിന്ന് വന്ന ബസ് കുത്തനെയുള്ള ഇറക്കത്തിൽവെച്ച് നിയന്ത്രണം വിട്ട് കീഴ്‌മേൽ മറിഞ്ഞ് സംസ്ഥാനപാതയിൽ പതിക്കുകയായിരുന്നു. ബസിൽനിന്ന് തെറിച്ചുവീണ നേദ്യ ബസിനടിയിൽപ്പെട്ടു. 18 വിദ്യാർഥികളും ഡ്രൈവറും ആയയും ഉൾപ്പെടെ 20 പേർക്കാണ് പരിക്കേറ്റത്.
ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ബസ് ഉയർത്തി നേദ്യയെയും മറ്റ് കുട്ടികളെയും പുറത്തെടുത്തു. ഉടൻ ആശുപത്രിലെത്തിച്ചെങ്കിലും നേദ്യ മരിച്ചു. ചെർക്കള നാഗത്തെ എം.പി. രാജേഷിന്റെയും സീനയുടെയും മകളാണ്. സഹോദരി: വേദ. സംസ്കാരം പിന്നീട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.