വിദ്യാർഥിനിയുടെ മരണം: മുന്നൊരുക്കത്തിന് മുമ്പെ ഓൺലൈൻ പഠനം തുടങ്ങിയെന്ന് പഞ്ചായത്തും എം.എൽ.എയും
text_fieldsവളാഞ്ചേരി: ഇരിമ്പിളിയം ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി ദേവിക ഉൾപ്പെടെ, വീടുകളിൽ ടി.വി, സ്മാർട്ട് ഫോൺ, ഇൻറർനെറ്റ് സൗകര്യങ്ങളില്ലാത്ത ഒരു കുട്ടിയുടെയും വിശദവിവരങ്ങൾ ഗ്രാമപഞ്ചായത്തിന് ലഭിച്ചിരുന്നില്ലെന്ന് പ്രസിഡൻറ് റജുല നൗഷാദ്. ജൂൺ ഒന്ന് മുതൽ വിദ്യാഭ്യാസവകുപ്പ് നടത്തുന്ന ഓൺലൈൻ ക്ലാസുകൾ കാണാൻ സൗകര്യക്കുറവുള്ള 262 കുട്ടികളുണ്ടെന്ന വിവരം മാത്രമേ കിട്ടിയുള്ളൂ. മേയ് 30ന് ജനപ്രതിനിധികൾ, പി.ടി.എ പ്രസിഡൻറുമാർ, പ്രധാനാധ്യാപകർ എന്നിവരുടെ യോഗം ചേർന്ന് വാർഡുകളിൽ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്തിരുന്നതായി പ്രസിഡൻറ് പറഞ്ഞു.
ദേവികയുടെ വാർഡിലെ യോഗം ജൂൺ മൂന്നിന് കളരിക്കൽ എൽ.പി. സ്കൂളിൽ നടത്താനാണ് തീരുമാനിച്ചത്. ഇത്തരം കുട്ടികൾക്ക് വാർഡ് തലത്തിൽ സജ്ജീകരണങ്ങൾ ഒരുക്കാനാവശ്യമായ സമയം ലഭിച്ചിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവ് കിട്ടിയിട്ടില്ലെന്നും പ്രസിഡൻറ് പറഞ്ഞു. മുന്നൊരുക്കമില്ലാതെയാണ് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചതെന്ന് സ്ഥലം എം.എൽ.എ പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ കുറ്റപ്പെടുത്തി. കുടുംബത്തിന് അടിയന്തര സാമ്പത്തിക സഹായം അനുവദിക്കണമെന്നതടക്കമുള്ള കാര്യങ്ങൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.