വളപട്ടണം കവർച്ച: ലിജീഷിനെ സംശയിച്ചില്ല -വീട്ടുടമയുടെ മകൻ
text_fieldsവളപട്ടണം: പണവും സ്വർണവും കവർന്ന അയൽവാസി ലിജീഷുമായി അടുപ്പമോ സൗഹൃദമോ ഇല്ലെന്ന് മന്നയിലെ അരി മൊത്തവ്യാപാരി അഷ്റഫിന്റെ മകൻ അദ്നാൻ.
അയൽവാസിയെങ്കിലും ഇതുവരെ വീട്ടിൽപോലും ലിജീഷ് കയറിയിരുന്നില്ലെന്നും പ്രതിയെ പിടിച്ചപ്പോൾ ആശ്ചര്യം തോന്നിയെന്നും അദ്നാൻ പറഞ്ഞു. പരിചയപ്പെടാൻപോലും നിൽക്കാത്ത പ്രകൃതമായിരുന്നു പ്രതിയുടേത്. അതിനാൽതന്നെ ഒരു സംശയവും തോന്നിയില്ല.
വഴിയിലൂടെ നടന്നുപോകുന്നത് കാണാറുണ്ട് എന്നല്ലാതെ ഒരടുപ്പവുമില്ലെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.
പരാതി നൽകിയയുടൻതന്നെ പൊലീസ് കൃത്യമായ ചില സൂചനകൾ നൽകി. വീടും പരിസരവും നന്നായി അറിയുന്നയാളാണ് പ്രതിയെന്നായിരുന്നു ആ സൂചന. പലവഴിക്കും ഞങ്ങൾ ചിന്തിച്ചെങ്കിലും ഇയാളെ പ്രതീക്ഷിച്ചില്ല. കുടുംബക്കാരെയും നാട്ടുകാരെയും പൊലീസിനെയും കബളിപ്പിച്ച് ലിജീഷ് വീട്ടിൽ കയറിയെങ്കിൽ അയാൾ ചില്ലറക്കാരനല്ല. കൃത്യമായ ആസൂത്രണം നടത്തിയെന്നുവേണം കരുതാൻ. ഞങ്ങളുടെ ഓരോ നീക്കവും അയാൾ ശ്രദ്ധിച്ചുകാണും. മോഷണ മുതൽ കൊണ്ടുവെക്കേണ്ട സ്ഥലംവരെ ഒരുക്കിയാണ് അയാളെത്തിയത്.
മോഷ്ടാവ് അയൽവാസിയായതുകൊണ്ട് കളവുമുതൽ കടത്തിക്കൊണ്ടുപോയില്ലെന്നാണ് ആകെയുള്ള സമാധാനം. ഒന്നും നഷ്ടമായില്ല.
കല്യാണത്തിന് വീട് അടച്ചു പോയത് ലിജീഷ് എങ്ങനെ അറിഞ്ഞെന്ന് മനസ്സിലാകുന്നില്ല. കളവുപോയ തുകയും സ്വർണവും കണ്ടെടുത്ത പൊലീസിനെ എത്ര പ്രശംസിച്ചാലും അധികമാവില്ലെന്നും അദ്നാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.