വളയത്ത് വീടുകൾക്കുനേരെ ബോംബേറ്; രണ്ടു സ്ത്രീകൾക്ക് പരിക്ക്
text_fieldsനാദാപുരം: വളയത്ത് രണ്ടു വീടുകൾക്കു നേരെയുണ്ടായ ബോംബേറിൽ വീട്ടമ്മക്കും മകൾക്കും പരിക്ക്. വളയം ചുഴലി റോഡിൽ ഷാപ്പ് മുക്കിൽ സി.പി.എം പ്രവർത്തകനും വളയം ടൗണിലെ പച്ചക്കറി വ്യാപാരിയുമായ കക്കുടുക്കിൽ ബാബു, സി.പി.എം അനുഭാവി കുറുവന്തേരി റോഡിലെ മാരാംവീട്ടിൽ കുമാരൻ എന്നിവരുടെ വീടുകൾക്ക് നേരെയാണ് ആക്രമണം.
ഞായറാഴ്ച രാത്രി 11 മണിയോടെയാണ് ബാബുവിെൻറ വീടിനുനേരെ ബോംബേറ് ഉണ്ടായത്. മുകൾ നിലയിലെ സൺ ഷേഡിൽ പതിച്ച ബോംബ് പൊട്ടിത്തെറിച്ചു. രാത്രി വീടിന് മുന്നിലെ ലൈറ്റ് ഓഫ് ചെയ്തതിന് പിന്നാലെ റോഡിൽ നിന്നാണ് ബോംബേറുണ്ടായതെന്ന് ബാബു പറഞ്ഞു.
തിങ്കളാഴ്ച പുലർച്ച രണ്ടു മണിയോടെയാണ് കുറുവന്തേരി റോഡിലെ മാരാംവീട്ടിൽ കുമാരെൻറ വീടിനുനേരെ ബോംബേറുണ്ടായത്. ജനലിൽ പതിച്ച ബോംബ് പൊട്ടി ചില്ലുകൾ തകരുകയും മുറിയിൽ കിടന്നുറങ്ങുകയായിരുന്ന കുമാരെൻറ മകൾ വിജിന (28), ബന്ധുവായ ദേവി (70) എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇരുവരെയും നാട്ടുകാർ നാദാപുരം ഗവ. ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. രണ്ടുപേരുടെയും കാലുകൾക്ക് പൊള്ളലേൽക്കുകയും സ്ഫോടനത്തിൽ തകർന്ന ജനൽ ഗ്ലാസുകൾ തറച്ച് മുറിവേൽക്കുകയും ചെയ്തു. ജനലിലെ കർട്ടന് തീപിടിച്ച് കത്തി നശിച്ചു. വീട്ടുമുറ്റത്ത് നിർത്തിയിട്ട യുവമോർച്ച നാദാപുരം മണ്ഡലം സെക്രട്ടറി മാരാംവീട്ടിൽ ദീപേഷിെൻറ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയുടെ ഗ്ലാസ് സ്ഫോടനത്തിെൻറ ആഘാതത്തിൽ തകർന്നു.
സ്ഫോടനം നടന്നയുടൻ പിൻവശത്തെ റോഡിലൂടെ ബൈക്ക് ഓടിച്ചുപോകുന്ന ശബ്ദം കേട്ടതായി വീട്ടുകാർ പൊലീസിൽ മൊഴി നൽകി. ഉഗ്രശേഷിയുള്ള സ്റ്റീൽ ബോംബുകളാണ് രണ്ടിടങ്ങളിലും ആക്രമണത്തിന് ഉപയോഗിച്ചത്. നാദാപുരം ഡിവൈ.എസ്.പി ഇ. സുനിൽകുമാർ, കൺട്രോൾ റൂം സി.ഐ എ.വി. ജോൺ, വളയം എസ്.ഐ എം.വി. ജയൻ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. ബോംബ് സ്ക്വാഡ് വിദഗ്ധരും വീടുകളിൽ പരിശോധന നടത്തി. ഇരു വീട്ടുകാരുടെയും പരാതിയിൽ വളയം പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.