അന്വേഷണം തുടക്കത്തിലേ പാളി; പൊലീസിനും വിചാരണ കോടതിക്കും ഹൈകോടതിയുടെ രൂക്ഷവിമര്‍ശനം
text_fieldsകൊച്ചി: വാളയാർ കേസില്‍ പ്രതികളെ വെറുതെവിട്ട വിചാരണകോടതി വിധി റദ്ദാക്കിയ ഹൈകോടതി പൊലീസിനും വിചാരണ കോടതിക്കുമെതിരെ നടത്തിയത് രൂക്ഷ വിമർശനം. കാര്യക്ഷമതയില്ലാത്ത പൊലീസ് ഉദ്യോഗസ്ഥര്‍ സംസ്ഥാന പൊലീസിന് നാണക്കേടാണെന്ന് കോടതി പറഞ്ഞു. വിചാരണകോടതി ജഡ്ജി തെളിവുകള്‍ വേണ്ടവിധം പരിഗണിച്ചില്ലെന്നും ഹൈകോടതി ഡിവിഷന്‍ ബെഞ്ച് കുറ്റപ്പെടുത്തി. തുടർന്നാണ് പുനർവിചാരണ നടത്തണമെന്ന് ഉത്തരവിട്ടത്.
വാളയാറില്‍ രണ്ട് പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തിലെ അന്വേഷണത്തിലും വിചാരണയിലുമുണ്ടായ വീഴ്ചകള്‍ ഗുരുതരമാണെന്ന് ചൂണ്ടികാട്ടിയാണ് ജസ്റ്റിസ് എ. ഹരിപ്രസാദ്, ജസ്റ്റിസ് എം.ആര്‍. അനിത എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് ലോക്കല്‍ പൊലീസിനെയും വിചാരണ കോടതിയെയും വിമര്‍ശിച്ചത്.
കേസിന്‍റെ പ്രരംഭഘട്ടത്തിലെ അന്വേഷണം അവജ്ഞ ഉളവാക്കുന്നതാണെന്ന് കോടതി ഉത്തരവില്‍ പറയുന്നു. അന്വേഷണത്തിന്‍റെ തുടക്കത്തിലേ പാളിച്ച സംഭവിച്ചു. ഇതുമൂലം പിന്നീട് അന്വേഷണം ഏറ്റെടുത്ത ഡിവൈ.എസ്.പിക്ക് ഫലപ്രദമായി അന്വേഷണം നടത്താനായില്ല. ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണം താരതമ്യേന ഭേദപ്പെട്ടതായിരുന്നുവെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. ഇത്തരത്തില്‍ കാര്യക്ഷമത ഇല്ലാത്ത പൊലീസ് ഉദ്യോഗസ്ഥൻ സംസ്ഥാന പൊലീസിന് ഒന്നാകെ നാണക്കേടാണ്.
പൊലീസ് ഉദ്യോഗസ്ഥർക്ക് ഇത്തരം കേസുകൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ നടപടി സർക്കാർ സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇതിനായി കോടതിയുത്തരവിന്‍റെ പകര്‍പ്പ് ചീഫ് സെക്രട്ടറിക്ക് അയച്ചു നൽകണമെന്നും ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. പ്രധാന കേസുകളുടെ അന്വേഷണത്തിലെ ഗൗരവതരമായ പാളിച്ചകൾ ഭരണ സംവിധാനത്തോട് അവമതിപ്പ് ഉണ്ടാക്കുമെന്നും കോടതിയുത്തരവില്‍ ചൂണ്ടികാട്ടി.
പൊലീസിനോടൊപ്പം തന്നെ വിചാരണകോടതിക്കും ഹൈകോടതിയുടെ നിശിതമായ വിമർശനമുണ്ട്. വിചാരണകോടതി ജഡ്ജിയുടെ പ്രവർത്തനരീതി നിരാശാജനകമാണെന്നും തെളിവുകൾ വേണ്ടരീതിയിൽ പരിഗണിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും ഹൈകോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.