വാളയാർ കേസ്: ദുരൂഹമരണങ്ങൾ തുടർക്കഥ, ഇന്ന് മരിച്ചത് മൂന്നാമത്തെയാൾ; അന്വേഷണം ആവശ്യപ്പെട്ട് ഇരകളുടെ അമ്മ
text_fieldsആലുവ: വാളയാർ പീഡനക്കേസിൽ ദുരൂഹമരണങ്ങൾ തുടർക്കഥയാകുന്നു. പീഡനത്തിനിരയായ പതിമൂന്നും ഒമ്പതും വയസ്സുള്ള സഹോദരിമാരായ കുട്ടികളെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിലാണ് പ്രതികളടക്കം മൂന്നുപേരെ വിവിധ സമയങ്ങളിലായി ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. രണ്ട് പ്രതികളും പ്രതിയെന്ന് സംശയിക്കപ്പെട്ട മറ്റൊരു വ്യക്തിയുമാണ് മരിച്ചത്.
മരിച്ച കുട്ടികളുടെ അടുത്ത ബന്ധു കൂടിയായ പ്രതി അട്ടപ്പള്ളം സ്വദേശി കുട്ടി മധു (33) ഇന്നാണ് മരിച്ചത്. ആലുവ ബിനാനിപുരത്തെ സിങ്ക് ഫാക്ടറിക്കുള്ളിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. കുട്ടിമധുവിന്റെ ദുരൂഹമരണം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പീഡനത്തിനിരയായ കുട്ടികളുടെ അമ്മയും നീതി സമരസമിതിയും ആലുവ റൂറൽ എസ്.പിക്കും സി.ബി.ഐക്കും കത്തു നൽകി.
സി.ബി.ഐ അന്വേഷണം നടക്കുന്ന കേസിൽ പ്രതിയായ കുട്ടി മധുവിനെ ബുധനാഴ്ച ബിനാനിപുരത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിവരം അറിഞ്ഞതായി കത്തിൽ പറയുന്നു. കേസിൽ പൊലീസ് അന്വേഷണം നടക്കുമ്പോൾ തന്നെ പ്രതിയെന്ന് സംശയിക്കപ്പെട്ട ജോൺ പ്രവീൺ എന്ന വ്യക്തി ആത്മഹത്യ ചെയ്തിരുന്നു. ഈ മരണം തീർത്തും ദുരൂഹമാണ്. ഇതേ കേസിൽ മറ്റൊരു പ്രതിയായ പ്രദീപ് മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. അന്വേഷണം നടക്കുന്ന ഘട്ടത്തിൽ പ്രതികൾ ദുരൂഹമായി മരണപ്പെടുന്നതിനു പിന്നിൽ ചില സ്ഥാപിത താൽപര്യങ്ങൾ ഉണ്ടെന്ന് ന്യായമായും സംശയിക്കുന്നതായി പരാതിയിൽ പറഞ്ഞു.
പീഡനക്കേസ് അന്വേഷണം അട്ടിമറിക്കാനും ഇനിയും കേസിൽ പ്രതിയാക്കപ്പെടാൻ സാധ്യതയുള്ളവരെ രക്ഷിക്കാനുമുള്ള താൽപര്യം ഇതിനു പിന്നിൽ ഉണ്ടാകാമെന്ന് കരുതുന്നു. ഈ സാഹചര്യത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും മരിച്ചയാളുമായി ബന്ധപ്പെട്ട രേഖകളും ടെലഫോണും അടിയന്തരമായി കസ്റ്റഡിയിൽ എടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് മധു ജോലിക്കായി ബിനാനിപുരത്തെത്തിയത്. അടച്ചുപൂട്ടിയ ഫാക്ടറിയിലെ ഉപകരണങ്ങളും മണ്ണും നീക്കാൻ കരാറെടുത്ത കമ്പനികളില്‍ ഒന്നിലെ ജീവനക്കാരനായിരുന്നു മധു. രാവിലെ മറ്റ് തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ബിനാനിപുരം പൊലീസ് സ്ഥലത്തെത്തി തുടർനടപടികള്‍ സ്വീകരിച്ചു.
2017 ജനുവരി ഏഴിനും മാർച്ച് നാലിനുമാണ് പതിമൂന്നും ഒമ്പതും വയസ്സുള്ള സഹോദരിമാരെ വീടിനോട് ചേർന്ന ചായ്പ്പിൽ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ പീഡനത്തിനിരയായിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പ്രായപൂർത്തിയാവാത്ത ഒരാൾ ഉൾപ്പെടെ അഞ്ചു പേരാണ് കേസിലെ പ്രതികൾ. ഇതിൽ ആലപ്പുഴ ചേർത്തല സ്വദേശിയായ പ്രദീപ് വിചാരണക്കിടെ ജീവനൊടുക്കി. ഇതിനു പിന്നാലെയാണ് നാലാം പ്രതിയായ കുട്ടി മധുവും ആത്മഹത്യ ചെയ്തത്.
വലിയ മധു, കുട്ടി മധു, ഷിബു, പ്രദീപ് എന്നീ നാല് പ്രതികൾക്കെതിരെ ആറ് കേസുകളാണുണ്ടായിരുന്നത്. രണ്ടു പെൺകുട്ടികളെയും പീഡിപ്പിച്ച കേസിൽ പ്രതിയായ പ്രദീപ് അപ്പീൽ പരിഗണനയിലിരിക്കെ ആത്മഹത്യ ചെയ്തതിനാൽ ഈ കേസുകൾ ഒഴിവാക്കി. വലിയ മധു രണ്ട് പെൺകുട്ടികളെയും പീഡിപ്പിച്ച കേസിലും കുട്ടി മധുവും ഷിബുവും മൂത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും പ്രതികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.