ബോസ്ട്രിങ് ആർച്ചുകൾ കരുത്ത്; വലിയഴീക്കല്‍ പാലം നാടിന് സമര്‍പ്പിച്ചു
text_fieldsആറാട്ടുപുഴ: ഭാവി തലമുറകളെ മുന്നില്‍ കണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളില്‍ അഭിപ്രായ വ്യത്യാസം മറന്ന് എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോൾ കാണുന്നതാകില്ല വികസനം നടപ്പിലായശേഷം നാടെന്ന് കെ.റെയിൽ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. ജില്ലയിലെ ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിനെയും കൊല്ലം ജില്ലയിലെ ആലപ്പാട് ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന വലിയഴീക്കല്‍ പാലത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
പാലം യാഥാർഥ്യമായതോടെ ഈ മേഖലയുടെ വിനോദസഞ്ചാര സാധ്യതകള്‍ ഗണ്യമായി വര്‍ധിക്കും. ആവശ്യമായ അധിക സൗകര്യങ്ങള്‍ വിനോദസഞ്ചാര വകുപ്പ് ഏര്‍പ്പെടുത്തും. അതോടെ ഈ മേഖല ലോകശ്രദ്ധയിലേക്ക് ഉയരും. ആലപ്പുഴയില്‍നിന്ന് കൊല്ലത്തേക്കുള്ള യാത്രാദൂരം 28 കിലോമീറ്ററോളം കുറയുമെന്നതാണ് പദ്ധതിയുടെ പ്രധാന പ്രത്യേകത.
മനോഹരമായ ഈ നിര്‍മിതിയുടെ ഉദ്ഘാടനത്തിന് നേരിട്ട് വന്നിരുന്നില്ലായെങ്കില്‍ വലിയ നഷ്ടമാകുമായിരുന്നു. പാലം നിര്‍മിക്കുന്നതിന് ആദ്യം മുന്‍കൈ എടുത്ത ഇവിടത്തെ ജനപ്രതിനിധി രമേശ് ചെന്നിത്തലയെ അഭിനന്ദിക്കുന്നു. അദ്ദേഹത്തിന് ഇന്ന് നല്ല ദിനം മാത്രമല്ല ദുർദിനം കൂടിയാണെന്ന് തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്‍റെ പരാജയം മനസ്സിൽവെച്ച് മുഖ്യമന്ത്രി പറഞ്ഞു.
പാലത്തിന് സമീപം നടന്ന ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. പാലം ഉദ്ഘാടനത്തോടനുബന്ധിച്ച് തപാല്‍ വകുപ്പ് പുറത്തിറക്കിയ സ്റ്റാമ്പ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ മറിയാമ്മ തോമസ് മുഖ്യമന്ത്രിക്ക് കൈമാറി.
ബോസ്ട്രിങ് ആർച്ചുകളാൽ നിർമിച്ച, ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പാലമായ വലിയഴീക്കൽ പാലം ഉദ്ഘാടനം ചെയ്യുന്നതോടെ സാക്ഷാത്കരിക്കുന്നത് നാടിന്റെ സ്വപ്നമാണ്. വലിയഴീക്കലിൽ നിന്ന് അഴീക്കലിലേക്കു 28 കിലോമീറ്റർ ദൂരം ലാഭിക്കുന്നതിനു പുറമേ ടൂറിസം മേഖലയിലും വലിയ സാധ്യതകൾക്കാണു വഴി തുറക്കുന്നത്. തീരദേശ ഹൈവേയിൽ അറബിക്കടലിന്റെ പൊഴിമുഖത്തിനു സമാന്തരമായി നിർമിച്ചിരിക്കുന്ന പാലം ശ്രദ്ധയാകർഷിക്കുന്നത് അതിന്റെ രൂപം കൊണ്ടു തന്നെ. 2016ലാണ് പാലത്തിന്റെ നിർമാണോദ്ഘാടനം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.