പാലക്കാട്ടെ വാലിബർ
text_fieldsപാലക്കാട്: ആദ്യ തെരഞ്ഞെടുപ്പിൽ രാജ്യത്തിന് രണ്ട് എം.പിമാരെ സംഭാവന ചെയ്ത ജില്ലയാണ് പാലക്കാട്. 1957ൽ ദ്വയാംഗ മണ്ഡലത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പി. കുഞ്ഞനും കോൺഗ്രസിലെ വെള്ള ഈച്ചരനും തെരഞ്ഞെടുക്കപ്പെട്ടു. ദ്വയാംഗ പദവി ഇല്ലാതായ 1962ൽ എം.പിമാരായ പി. കുഞ്ഞനും (സി.പി.ഐ) വി. ഈച്ചരനും (ഐ.എൻ.സി) മത്സരിച്ചു. പി. കുഞ്ഞൻ വിജയിച്ചു.
1967ൽ ഇ.കെ. നായനാരാണ് ഇടത് പ്രതിനിധിയായി പാലക്കാട്ടുനിന്ന് പാർലമെന്റിലെത്തിയത്. ഏറെ രാഷ്ട്രീയ സംഭവവികാസങ്ങൾക്ക് ശേഷം നടന്ന 1971ലെ തെരഞ്ഞെടുപ്പിൽ എ.കെ.ജി ആ ചെങ്കോൽ ഏറ്റുവാങ്ങി പാലക്കാട്ടുനിന്ന് ജയിച്ചുകയറി.
1977ൽ എ. സുന്നാസാഹിബിലൂടെ കോൺഗ്രസ് പാലക്കാട് കൈയടക്കി. 1980ൽ സി.പി.എമ്മിന്റെ കരുത്തനായ നേതാവ് ടി. ശിവദാസ മേനോനെ പരാജയപ്പെടുത്തി വി.എസ്. വിജയരാഘവൻ മണ്ഡലത്തിൽ കോൺഗ്രസിന്റെ സ്ഥാനമുറപ്പിച്ചു. അടുത്ത തെരഞ്ഞെടുപ്പിലും വി.എസ്. വിജയരാഘവൻ വിജയം നിലനിർത്തി.
എന്നാൽ, 1989ലെ കടുത്ത മത്സരത്തിൽ, ഇപ്പോഴത്തെ എൽ.ഡി.എഫ് സ്ഥാനാർഥി എ. വിജയരാഘവൻ അദ്ദേഹത്തെ അട്ടിമറിച്ചു. 1826 വോട്ടുകൾക്കായിരുന്നു ജയം. എസ്.എഫ്.ഐ ദേശീയ പ്രസിഡന്റായിരിക്കെയാണ് വിജയരാഘവൻ സ്ഥാനാർഥിയായത്. 1991ൽ വാശിയോടെ മടങ്ങിയെത്തിയ വി.എസ്. വിജയരാഘവൻ സീറ്റ് തിരിച്ചുപിടിച്ചു. പിന്നീടുള്ള ലോക്സഭ തെരഞ്ഞെടുപ്പുകളിൽ എൻ.എൻ. കൃഷ്ണദാസിന്റെ പടയോട്ടമായിരുന്നു.
1996,1998, 1999, 2004 വർഷങ്ങളിൽ എൽ.ഡി.എഫിന്റെ സുരക്ഷിത മണ്ഡലമാക്കി പാലക്കാടിനെ കൃഷ്ണദാസ് കൈപ്പിടിയിലൊതുക്കി. കൃഷ്ണദാസിന് പിന്നാലെ 2009ലും 2014ലും എം.ബി. രാജേഷ് പാലക്കാടിന്റെ ലോക്സഭാംഗമായി. രാജേഷിന്റെ ആദ്യമത്സരത്തിൽ എതിരാളിയായ കോൺഗ്രസിന്റെ സതീശൻ പാച്ചേനിക്കെതിരെ 1820 വോട്ട് മാത്രമായിരുന്നു ഭൂരിപക്ഷം. അടുത്ത തെരഞ്ഞെടുപ്പിൽ ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം എം.പി. വീരേന്ദ്രകുമാറിനെതിരെ അദ്ദേഹം നേടി.
2019ൽ മൂന്നാമൂഴത്തിനിറങ്ങിയ എം.ബി. രാജേഷ് കോൺഗ്രസിലെ വി.കെ. ശ്രീകണ്ഠനോട് പരാജയപ്പെട്ടു. ഇപ്പോഴിതാ വീണ്ടും തെരഞ്ഞെടുപ്പ് ചിത്രം തെളിയുമ്പോൾ വി.കെ. ശ്രീകണ്ഠനും സി.പി.എമ്മിലെ മുൻനിരപ്പോരാളി എ. വിജയരാഘവനും എൻ.ഡി.എ സ്ഥാനാർഥി ബി.ജെ.പി സംസ്ഥാന ജനറല് സെക്രട്ടറി സി. കൃഷ്ണകുമാരും പോര് ഏതാണ്ട് ഉറപ്പാക്കിക്കഴിഞ്ഞു.
പാലക്കാട് ലോക്സഭ മണ്ഡലം വിജയികൾ
(വർഷം, വിജയി, ഭൂരിപക്ഷം)
- 1957 പി. കുഞ്ഞൻ (സി.പി.ഐ), വി. ഈച്ചരൻ (ഇന്ത്യൻ നാഷനൽ കോൺഗ്രസ്)
- 1962 പി. കുഞ്ഞൻ (സി.പി.ഐ) -72335
- 1967 ഇ.കെ. നായനാർ (സി.പി.എം) -67358
- 1971 എ.കെ. ഗോപാലൻ (സി.പി.എം)-52256
- 1977 എ.കെ. സുന്നാസാഹിബ് (കോൺഗ്രസ്)-12088
- 1980 വി.എസ്. വിജയരാഘവൻ (കോൺഗ്രസ്)-38,153
- 1984 വി.എസ്. വിജയരാഘവൻ (കോൺഗ്രസ്)-34153
- 1989 എ. വിജയരാഘവൻ (സി.പി.എം)-1286
- 1991 വി.എസ്. വിജയരാഘവൻ (കോൺഗ്രസ്)-15,768
- 1996 എൻ.എൻ. കൃഷ്ണദാസ് (സി.പി.എം)-23,423
- 1998 എൻ.എൻ. കൃഷ്ണദാസ് (സി.പി.എം)-25,022
- 1999 എൻ.എൻ. കൃഷ്ണദാസ് (സി.പി.എം)-30,767
- 2004 എൻ.എൻ. കൃഷ്ണദാസ് (സി.പി.എം)-98,158
- 2009 എം.ബി. രാജേഷ് (സി.പി.എം)-1820
- 2014 എം.ബി. രാജേഷ് (സി.പി.എം)-1,05,300
- 2019 വി.കെ. ശ്രീകണ്ഠൻ (കോൺഗ്രസ്)-11,637
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.