ശബരിമലയിൽ വത്സൻ തില്ലങ്കേരി പ്രവർത്തിച്ചത് പൊലീസ് നിർദേശ പ്രകാരം - മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ശബരിമല സന്നിധാനത്ത് പ്രതിഷേധക്കാരെ ശാന്തരാക്കാൻ വത്സൻ തില്ലങ്കേരി പ്രവർത്തിച്ചത് പൊലീസ് നിർദേശ പ്രകാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പ്രതിഷേധക്കാർക്ക് നിർദേശം നൽകണമെന്ന് പൊലീസ് തില്ലങ്കേരിയോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് പിണറായി നിയമസഭയിൽ വ്യക്തമാക്കി.
ആർ.എസ്.എസ് നേതാവ് ക്രമസമാധാന ചുമതല ഏറ്റെടുക്കുകയും മെഗാഫോൺ ഉപയോഗിക്കുകയും ചെയ്തത് പൊലീസിന്റെ വീഴ്ചയല്ലേ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
ശബരിമലയിൽ ഭക്തരെ തടയുകയും മാധ്യമ പ്രവർത്തകരെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ ഇതുവരെ 58 കേസുകൾ രജിസ്റ്റർ ചെയ്തു. 320 പേരെ അറസ്റ്റ് ചെയതു. ക്ഷേത്രം അടച്ചിടുമെന്ന് ഭീഷണിപ്പെടുത്തി വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യം തടസപ്പെടുത്തിയ തന്ത്രിക്കെതിരെയുള്ള നടപടി ദേവസ്വം ബോർഡിന്റെ പരിഗണനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിധിയുടെ അന്തസത്ത മനസിലാക്കാതെയാണ് രാഷ്ട്രീയ കക്ഷികൾ നിലപാട് മാറ്റിയത്. വിധി നടപ്പാക്കുകയാണ് സർക്കാർ സ്വീകരിച്ച നിലപാട്. വിധിക്കെതിരെ തന്ത്രി കുടുംബവും, പന്തളം കൊട്ടാരവും ആളെക്കൂട്ടി പ്രതിഷേധിച്ചപ്പോഴാണ് രാഷട്രീയ പാർട്ടികൾ നിലപാട് മാറ്റിയത്. വിധിയുടെ മറവിൽ വർഗീയ ധ്രുവീകരണം നടത്തി സാമൂഹിക വിരുദ്ധ ശക്തികൾ കലാപം നടത്താൻ ശ്രമം നടത്തി. അറസ്റ്റിലായ പ്രതികളുടെ രാഷ്ട്രീയം പരിശോധിച്ചാൽ പ്രതികൾ ആർ.എസ്.എസ് -ബി.ജെ.പി പ്രവർത്തകരാണെന്ന് വ്യക്തമാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.